മുക്തകങ്ങള്‍ - തേവാടി ടി കെ നാരായണക്കുറുപ്പ്

മുക്തകങ്ങള്‍ - തേവാടി ടി കെ നാരായണക്കുറുപ്പ്
1.
നിത്യതയില്‍ നിന്ന് അനിത്യതയിലേക്കൊന്നെത്തി നോക്കിയിട്ട്,നീര്‍ക്കുമിള തലവലിച്ചു കളഞ്ഞു!
2.
മൊട്ടിന്റെ അന്ത്യശ്വാസത്തില്‍ പുഞ്ചിരിയിടുന്ന പൂവും,പൂവിന്റെ ഹൃദയത്തില്‍ ഒതുങ്ങിയിരുന്നുകൊണ്ട് ശാശ്വതത്തിനു വേണ്ടി തപസ്സു ചെയ്യുന്ന ചെടിയും ആരാമത്തില്‍ എനിക്കു മാര്ഗദര്ശികളത്രെ!
3.
എനിക്കെന്നെത്തന്നെ കാണുവാന്‍ കഴിയാത്ത ഇരുളില്‍ ഞാന്‍ വെളിച്ചത്തിന്റെ പേര് വിളിച്ചുറച്ചു നിലവിളിച്ചു.അരുണോദയത്തില്‍ ആകാശം വിരിഞ്ഞു.ഇരുള്‍പ്പുഴ മുഴുവന്‍ ഒഴുകിപ്പോയി.പകലാകുന്ന മണല്‍ത്തിട്ട്,അധോമുഖമായി വിടര്‍ന്നു വിലസുന്ന ആകാശത്തെ ചുംബിക്കുവാനായി മേല്പോട്ടുയര്ന്നു.ഞാന്‍ വെളിച്ചത്തിലായി!ഞാനെന്നെക്കണ്ടു.ഇരുള്പ്പാമ്പിന്റെ വായിലകപ്പെട്ട തവള!