ഭാഗം 6

ഭാഗം 6
-126-
ഏവമോതി നടകൊള്‍വതിന്നവന്‍
ഭാവമാര്‍ന്നു, പരിതപ്തയായുടന്‍
ഹാ! വെളുത്തവള്‍ മിഴിച്ചുനിന്നു മണ്
പാവപോലെ ഹതകാന്തിയായ് ക്ഷണം
-127-
ചിന്തനൊന്തുഴറി യാത്രചൊല്ലുമോ
ഹന്ത! ഭീരു യതിയെത്തടുക്കുമോ
സ്വന്തസൌഹൃദനയങ്ങളോര്‍ത്തുഴ-
ന്നെന്തുചെയ്യുമവള്‍?-ഹാ! നടന്നവന്.
-128-
കണ്ടുടന് കരളറുന്നപോലെഴു-
ന്നിണ്ടലേറിയഭിമാനമറ്റവള്‍
കുണ്ഠയാം കുമരിപോലെ ദീനമാ,
കണ്ഠമോടഴുതുറക്കെയോതിനാള്‍-
-129-
‘പ്രാണനായക ഭവാന്റെ കൂടവേ
കേണുപോം ഹൃദയനീതനായഹോ!
പ്രാണനെന്നെ വെടിയുന്നിതേ ജലം
താണുപോം ചിറയെ മത്സ്യമെന്നപോല്‍‘
-130-
കൂവി വായുവിലകന്ന താമര-
പ്പൊവെയാഞ്ഞു തടയുന്ന ഹംസിപോല്‍
ഏവമുന്മുഖി പുലമ്പിയെത്തിയാ-
ബ്ഭൂവില്‍ വീണവള്‍ പിടിച്ചു തല്പദം
-131-
“എന്റെയേകധനമങ്ങു ജീവന-
ങ്ങെന്റെ ഭോഗമതുമെന്റെ മോക്ഷവും,
എന്റെയീശ! ദൃഢമീപദാംബുജ-
ത്തിന്റെ സീമ, ഇതു പോകിലില്ല ഞാന്‍.
-132-
അന്യഥാ കരുതിയാര്‍ദ്രനാര്യനീ-
സന്നധൈര്യയെയഹോ! ത്യജിക്കൊലാ
ധന്യയാം എളിയ ശിഷ്യ, യീപദം
തന്നില്‍ നിത്യപരിചര്യയൊന്നിനാല്‍.”
-133-
ഹാ! മൊഴിഞ്ഞിതു നഖമ്പചാശ്രുവാല്‍
കോമളം സതി നനച്ചു തല്പദം
ആ മഹാന് തിരിയെനിന്നു, നിര്‍മ്മല-
പ്രേമമാം വലയിലാരു വീണിടാ!
-134-
“തോഴി കാരുണികനാണു നിന്നില്‍ ഞാന്‍,
കേഴൊലാ കൃപണഭാവമേലൊലാ,
പാഴിലേവമഴലാകുമാഴിയാ-
ഞ്ഞഴൊലാ നളിനി, അജ്ഞപോലെ നീ.
-135-
പാവനാംഗി, പരിശുദ്ധസൌഹൃദം
നീ വഹിപ്പതതിലോഭനീയമാം,
ഭാവിയായ്കതു, ചിതാശവങ്ങളില്‍
പൂവുപോല്‍, അശുഭനശ്വരങ്ങളില്‍
-136-
സ്നേഹമാണഖിലസാരമൂഴിയില്‍
സ്നേഹസാരമിഹ സത്യമേകമാം,
മോഹനം ഭുവനസംഗമിങ്ങതില്‍
സ്നേഹമൂലമമലേ! വെടിഞ്ഞു ഞാന്‍.
-137-
ആപ്തസത്യനവിയോഗമാം സുഖം
പ്രാപ്തമാം സഖി രഹസ്യമോതുവാന്‍“
ആപ്തനിങ്ങനെ കനിഞ്ഞുരയ്ക്കവേ
ദീപ്തദീപശിഖപോലെണീറ്റവള്‍.
-138-
നോക്കിനിന്നു ഹൃതയായവന്റെ ദി-
വ്യക്യനിര്‍വൃതികരോജ്ജ്വലാനനം
വാക്കിനാലപരിമേയമാം മഹാ
വാക്യതത്വമവനോതി ശാശ്വതം
-139-
ശങ്കപോയ്, ശിശിരവായുവേറ്റപോ-
ലങ്കുരിച്ചു പുളകം, വിറച്ചുതേ
പങ്കുഹീന, ഘനനാദഹൃഷ്ടമാം
പൊങ്കടമ്പിനൂടെ കൊമ്പുപോലവള്‍
-140-
അന്തരുത്തടരസോര്‍മ്മി ദു:സ്ഥയായ്
ഹന്ത! ചാഞ്ഞു തടവല്ലിപോല്‍ സതി,
സ്വന്തമെയ് വികലമായപോലണ-
ഞ്ഞന്തരാ നിയമി താങ്ങി കൈകളാല്‍.
-141-
ശാന്തവീചിയതില്‍ വീചിപോലെ സം-
ക്രാന്തഹസ്തമുടല്‍ ചേര്‍ന്നു തങ്ങളില്‍,
കാന്തനാദമൊടു നാദമെന്നപോല്‍,
കാന്തിയോടപരകാന്തി പോലെയും.
-142-
ധന്യമാം കരനസത്വയുഗ്മമ-
ന്യോന്യലീനമറിവറ്റു നില്ക്കവേ
കന്യ കേവലസുഖം സമാസ്വദി-
ച്ചന്യദുര്‍ല്ലഭമലോകസംഭവം
-143-
ഭേദമില്ലവളിയന്നൊരാ സുഖം
താദൃശം സകല ഭൊഗ്യമല്ലതാന്‍,
ഖേദലേശവുമിയന്നതില്ല, വി-
ച്ഛേദഭീതിയുളവായുമില്ലതില്‍.
-144-
ചാരുഹാസ, യറിവെന്നി പെയ്തു ക-
ണ്ണീരുടന്‍, ചര്‍മമേഘവൃഷ്ടിപോല്‍,
ധാരയാലഥ നനഞ്ഞ നെഞ്ചില-
ദ്ധീരധി പുളകമാര്‍ന്നുമില്ലവന്‍.
-145-
ഓമലാള്‍ മുഖമതിന്നു നിര്‍ഗ്ഗമി-
ച്ചോമിതി ശ്രുതി നിഗൂഢവൈഖരി,
ധാമമൊന്നുടനുയര്‍ന്നു മിന്നല്പോല്
വ്യോമമണ്ഡലമണഞ്ഞു മാഞ്ഞുതേ.
-146-
ക്ഷീണയായ് മിഴിയടച്ചു, നിശ്ചല-
പ്രാണയായുടനവന്റെ തോളതില്‍
വീണു, വായു വിരമിച്ചു കേതുവില്‍
താണുപറ്റിയ പതാകപോലവള്‍.
-147-
ഞെട്ടിയൊന്നകമലിഞ്ഞു സംയമം
വിട്ടു വീര്‍ത്തു നെടുതായ് മഹായമി
പട്ടിടഞ്ഞ തനു തന്റെ മേനി വേര്-
പെട്ടിടാഞ്ഞു ബത! ശങ്കതേടിനാന്‍.
-148-
സ്തബ്ധമായ് ഹൃദയമേറി ഭാരമാ-
പുഷ്പഹാരമൃദുമെയ് തണുത്തുപോയ്,
സുപ്തിയല്ല ലയമല്ല യോഗമ-
ല്ലപ്പൊഴാര്‍ന്നതവളെന്നറിഞ്ഞവന്‍
-149-
“എന്തു സംഭവമിതെന്തു ബന്ധമി-
ങ്ങെന്തു ഹേതുവിതിനെന്തൊരര്‍ത്ഥമോ!
ഹന്ത! കര്‍മ്മഗതി! ബാലയെന്റെ ബാ-
ഹാന്തരം ചരമശയ്യയാക്കിനാള്‍
-150-
സ്നേഹഭാജനതയാര്‍ന്ന ഹൃത്തിതില്‍
ദേഹമിങ്ങനെ വെടിഞ്ഞു പാറ്റപോല്‍
മോഹമാര്‍ന്നു പരമാം മഹസ്സഹോ
മോഹനാംഗി തഴികിക്കഴിഞ്ഞിവള്‍!