ഭാഗം 7

ഭാഗം 7
-151-
ആരറിഞ്ഞു തനുഭൃത്തുകള്ക്കു നി-
സ്സാരമേവമസുബന്ധമെന്നഹോ!
നാരി, നിന്നിളവയസ്സിതേതു ഹൃ-
ത്താരിയന്ന പരിപാകമേതയേ!
-152-
ഞെട്ടറുന്ന മലരും തൃണാഞ്ചലം
വിട്ടിടുന്ന ഹിമബിന്ദുതാനുമേ
ഒട്ടുദു:ഖമിയലാം, വപുസ്സു വേ-
റിട്ട നിന് സുഖമഹോ! കൊതിക്കിലാം.
-153-
ഹന്ത! സാധ്വി, മധുരീകരിച്ചു നീ
സ്വന്തമൃത്യു സുകുമാരചേതനേ,
എന്തു നാണമിയലാം ഭവജ്ജിതന്‍
ജന്തുഭീകരകരന്‍, ഖരന്, യമന്‍?
-154-
ജാതസൌഹൃദമുറങ്ങുവാന്‍ സ്വയം
ജാത, തള്ളയുടെ മാറണഞ്ഞപോല്‍,
നീ തുനിഞ്ഞു നിരസിച്ചിരിക്കില്‍ ഞാ-
നേതു സാഹസികനാമഹോ? പ്രിയേ!
-155-
ത്യാഗമേവനു വരും സമഗ്രമീ-
ഭോഗലേഭനജഗത്തിലെന്നുമേ
വേഗമിന്നതു വെടിഞ്ഞു ഹാ! മഹാ-
ഭാഗയാം നളിനി ധന്യതന്നെ നീ!
-156-
ഉത്തമേ! വിഗതരാഗമാകുമെ-
ന്നുള്‍ത്തടത്തെയുമുലച്ചു ശാന്ത നീ
ഇത്തരം ധരയിലെങ്ങു ശുദ്ധമാം
ചിത്തവും മധുരമായ രൂപവും.
-157-
നേരു-ശൈശവമതിങ്കലന്നു നിന്
ഭൂമിയാം ഗുണമറിഞ്ഞതില്ല ഞാന്‍,
കോരകത്തില്‍ മധുവെന്നപോലെയുള്‍-
ത്താരില്‍ നീ പ്രണയമാര്‍ന്നിരുന്നതും,
-158-
ഇന്നഹോ! ചിരസമാഗമം സ്വയം
തന്ന ദൈവഗതിയെത്തൊഴുന്നു ഞാന്‍,
എല്ലുമല്ലനുതപിച്ചിടുന്നു, തേന്‍-
വെന്ന നിന്മൊഴികള് നിന്നുപോകയാല്‍
-159-
ബദ്ധരാഗമിഹ നീ മൊഴിഞ്ഞൊരാ-
ശുദ്ധവാണി വനവായുലീനമായ്,
ശ്രദ്ധയാര്‍ന്നതിനെ യാസ്വദിച്ചു ഹാ!
സിദ്ധസന്തതി സുഖിക്കുമോമലേ!
-160-
ആകുലത്വമിയലില്ല യോഗി ഞാന്‍,
ശോകമില്ലിനി നിനക്കുമേതുമേ,
നീ കുലീനഗുണദീപികേ, വിടും
ലോകമാണു ദയനീയമെന്‍ പ്രിയേ!
-161-
വേണിയാകിയ വെളുത്ത നിര്ഝര-
ശ്രേണി ചിന്നിവിരഹാര്ത്തിയാര്ന്നു താന്‍
ക്ഷോണി കന്ദര നിരുദ്ധകണ്ഠയായ്
കേണിതാ മുറയിടുന്നു കേള്‍ക്ക നീ!
-162-
നീലവിണ്‍നടുവുറച്ചു ഭാനു, കാ-
ണ്മീല കാട്ടിലുമനക്കമൊന്നിനും,
ബാല നീ ഝടിതി പൊങ്ങുമൂക്കിനാല്‍
കാലചക്രഗതി നിന്നുപോയിതോ!
-163-
ധന്യയായി സഖി ഞാനസംശയം,
നിന്നൊടൊക്കുമുപദേശഭാജനം,
അന്യനാം ഗുരു ലഭിച്ചതില്ലയീ-
മന്നില്‍ വിദ്യവെളിവായ നാള്‍മുതല്‍
-164-
മാനസം പരിപവിത്രമായി നിന്
ധ്യാനയോഗ്യചരിതം സ്മരിച്ചയേ
ജ്ഞാനി നീ ഭവതി സിദ്ധിയാര്‍ന്നൊരെന്‍-
മേനിയും മഹിത തീര്‍ത്ഥഭൂമിയായ്!
-165-
ധര്‍മ്മലോപമണയാതെ നമ്മളില്‍
ശര്‍മ്മവും വ്യഥയുമേകിയേറെനാള്‍
നിര്‍മ്മലേ ഒരു വഴിക്കു നീണ്ടൊരീ
കര്‍മ്മപാശാഗതി നീ കടന്നുതേ!”
-166-
പ്രേമഗൗരവമിയന്നിവണ്ണമുള്‍-
സ്ഥേമയറ്റരുളി, യാര്‍ന്നു പിന്നെയും
ആ മഹാന് നിജയമം, ചലിക്കുമേ
ഭൂമിയും ഹൃദയലീനഹേതുവാല്‍.
-167-
ദ്രുതമവിടെയണഞ്ഞോ ശിഷ്യയെത്തേടിയപ്പോള്‍
കൃതനിയമ കനിഞ്ഞാചാര്യ കഷായവേഷാ
മൃതതനുവതു കണ്ടങ്ങൊട്ടു വാവിട്ടു കേണാള്‍
ഹതശിശുവിനെനോക്കിദ്ദൂനയാം ധേനുപോലെ
-168-
‘നളിനി’ ‘നളിനി’ എന്നാമന്ത്രണം ചെയ്തുചെന്നാ-
മിളിതയമിവപുസ്സായോരു പൂമെയ്യെടുത്താള്‍
ദളിതഹൃദയം-കൈയാല്‍ ശാന്തിബിംബത്തില്‍നിന്നും
ഗളിതസുഷമമാം നിര്‍മ്മാല്യമാല്യം കണക്കേ.
-169-
അന്യോന്യസാഹ്യമൊടു നീലകുശാസ്തരത്തില്‍
വിന്യസ്തരാക്കി മൃദുമെയ്യവര്‍ നോക്കിനിന്നാര്‍,
വന്യേഭഹസ്തഗളിതം ബിസപുഷ്പമൊത്താര്‍-
ന്നന്യൂനദീനതയതെങ്കിലുമാഭതാനും.
-170-
അല്പം വലഞ്ഞഥ പരസ്പരമോതിവൃത്ത-
മുല്പന്നബോധരവമോര്ത്തു വിധിപ്രകാരം
ചൊല്പൊങ്ങുമാ ഗിരിജ ചേവടി ചേര്‍ത്തദിക്കില്‍
കല്പിച്ചവള്‍ക്കു ഖനനം വരയോഗിയോഗ്യം.
-171-
നിവാപവിധിപോലെ ബാഷ്പനിരതൂവി നിക്ഷിപ്തമാം
ശവാസ്തരമകന്നു-ഹാ! കൃപണര്‍പോലെ രണ്ടാളുമേ
പ്രവാസമതിനായ് സ്വയം പുനരുറച്ചൊരായോഗിയാം
‘ദിവാകരനെ’ വിട്ടു യോഗിനി മറഞ്ഞു, സന്ധ്യാസമം.
-172-
ലോകക്ഷേമോത്സുകനഥ വിദേശത്തില്‍ വാണാ യതീന്ദ്രന്,
ശോകം ചേര്‍ന്നീലവനു നളിനീചിന്തയാല്‍ ശുദ്ധിയേറി
ഏകാന്താച്ഛം വിഷയമഘമിങ്ങേതുമേ ചിത്തവൃത്തി-
ക്കേകാ-കണ്ണാടിയിലിനമയൂഖങ്ങള്‍ മങ്ങാ പതിഞ്ഞാല്‍.
-173-
അവനു പുനാമേഘംപോയി നൂറ്റാണ്ടു, പിന്നോര്-
ത്തവസിതിവിധി, യൂഴിക്കെത്തുമോ നിത്യഭാഗ്യം
അവിദിതതനുപാതം വിസ്മയം യോഗമാര്ജ്ജി-
ച്ചവിരതസുഖമാര്‍ന്നാനാ മഹാന് ബ്രഹ്മഭൂയം!