ഭാഗം 4

bookmark

ഭാഗം 4

 
-76-
തന്നതില്ല പരനുള്ളു കാട്ടുവാ-
നൊന്നുമേ നരനുപായമീശ്വരന്‍
ഇന്നു ഭാഷയതപൂര്‍ണ്ണമിങ്ങഹോ
വന്നുപോം പിഴയുമര്‍ത്ഥശങ്കയാല്‍!
-77-
മുട്ടുമെന്നഴലറിഞ്ഞിടായ്കിലു
തെറ്റിയെന്‍ ഹൃദയമായനോരുകില്‍
ചെറ്റുമേ പൊറുതിയില്ല പിന്നെ ഞാന്‍
പറ്റുകില്ലറിക മണ്ണില്‍ വിള്ളിലും”
-78-
ഏവമോതി അതിദൂനയായി നി-
ന്നാവരാംഗി, യതിതന്‍ മുഖാംബുജം
പാവനം പരിചില്‍ നോക്കിനാള്‍, അവന്‍
കേവലം കരുണയാര്‍ന്നു ചൊല്ലിനാന്‍!-
-79-
“അന്യഥാ മതിവരില്ലെനിക്കു നിന്‍
മന്യുവിങ്കല്‍ നിയതം മഹാവ്രതേ!“
കന്യയെന്നു വടുവെന്നു മേലുകി-
ല്ലന്യഭാവമറികാത്മവേദികള്‍.
-80-
ആടലൊട്ടവള്‍ വെടിഞ്ഞു സത്വരം
തേടി ധൈര്യമഥ, പൂവനത്തിലും
കാടുതന്‍ നടുവിലും സുമര്‍ത്തുവില്‍
പാടീടും കുയിലുപോലെ, ചൊല്ലിനാള്‍-
-81-
“വന്നു വത്സല, ഭവാന്‍ സമക്ഷമാ-
യിന്നു, ഞാന്‍ വ്യഥ മറന്നതോര്‍ക്കയാല്‍,
എന്നുമല്ല, കരുതുന്നു വീട്ടില്‍ നാ-
മന്നു വാണതു തുടര്‍ന്നുപോല്‍ മനം.
-82-
ലോലനാര്യനുരുവിട്ടു കേട്ടൊരാ-
ബാലപാഠമഖിലം മനോഹരം!
കാലമായധികമിന്നൊരക്ഷരം
പോലുമായതില്‍ മറപ്പതില്ല ഞാന്‍.
-83-
ഭൂമിപൂക്കള്‍ വിടരുന്ന പൊയ്കയും
തീരവും വഴികളും തരുക്കളും
ചാരുപുല്‍ത്തറയുമോര്‍ത്തിടുനതിന്‍-
പാരെ നാമെഴുമെഴുത്തുപള്ളിയും.
-84-
ഓര്‍ത്തിടുന്നുപവനത്തിലെങ്ങുമ-
ങ്ങാര്‍ത്തു ചിത്രശലഭം പറന്നതും
പാര്‍ത്തുനിന്നതു മണഞ്ഞു നാം കരം
കോര്‍ത്തു കാവിനരികേ നടന്നതും.
-85-
പാടുമാണ്‍‌കുയിലെ വാഴ്ത്തിയാ രവം
കൂടവേയനുകരിച്ചു പോയതും
ചാടുകാരനുടനെന്നൊടാര്യനാ-
പ്പേടയെപ്പരിഹസിച്ചു ചൊന്നതും.
-86-
ഉച്ചയായ് തണലിലാഞ്ഞു പുസ്തകം
വച്ചു മല്ലികയറുത്തിരുന്നതും
മെച്ചമാര്‍ന്ന ചെറുമാലകെട്ടിയെന്‍
കൊച്ചു വാര്‍മുടിയിലങ്ങണിഞ്ഞതും.
-87-
എണ്ണിടുന്നൊളിവില്‍ വന്നു പീഡയാം
വണ്ണമെന്‍ മിഴികള്‍ പൊത്തിയെന്നതും
തിണ്ണാങ്ങതില്‍ വലഞ്ഞുകേഴുമെന്‍
കണ്ണുനീരു കനിവില്‍ തുടച്ചതും.
-88-
എന്തിനോതുവതതോര്‍ക്കിലാ രസം
ചിന്തുമെന്‍ സുദിനമസ്തമിച്ചിതേ,
ഗന്തുകാമനുടനാര്യന്‍, ഏകിലാ-
മന്തരായമെതിര്‍വാത്യപോലിവള്‍.
-89-
പോട്ടെ-എന്‍ സഹചരന്‍ വിയുക്തനായ്
നാട്ടില്‍ നിന്നഥ മറഞ്ഞതഞ്ജസാ
കേട്ടു ഞെട്ടിയയിവീണു ഗര്‍ജ്ജിതം
കേട്ട പന്നഗകുമാരിപോലെ ഞാന്‍.
-90-
പിന്നെയെന്‍ പ്രിയപിതാക്കള്‍ കാത്തുഴ-
ന്നെന്നെയങ്ങവരഴല്പെടാതെയും
ഉന്നി വാണൊരിടമാര്യനേലുമീ-
മന്നിലെന്നുടലു ഞാന്‍ വിടാതെയും.
-91-
ഹര്‍ഷമേകുവതിനച്ഛനേറെ നി-
ഷ്കര്‍ഷമാര്‍ന്നഥ വളര്‍ന്നു ഖിന്നയായ്,
കര്‍ഷകന്‍ കിണറിനാല്‍ നനയ്ക്കിലും
വര്‍ഷമറ്റ വരിനെല്ലുപോലെ ഞാന്‍
-92-
ഓര്‍ത്തിടായ്കിലുമഹോ! യുവത്വമെന്‍-
മൂര്‍ത്തിയാര്‍ന്നഥ വലഞ്ഞിതേറെ ഞാന്‍
പൂത്തിടും തരുവിലും തടത്തിലും
കാത്തിടാ ലതകള്‍, കാലമെത്തിയാല്‍
-93-
ഓതുവാനമുതെനിക്കു പിനെ,യെന്‍-
തതനോര്‍ത്തൊരു വിവാഹനിശ്ചയം
കാതിലെത്തി, വിഷവേഗമേറ്റപോല്‍
കാതരാശയ കുഴങ്ങി വീണു ഞാന്‍.
-94-
ആഴുമമ്പൊടതി സ്വാന്തമോതുമെന്‍
തോഴിമാരെയുമെഴിച്ചു ഞാന്‍ പരം
വാഴുമൌഷധമകറ്റി,യാ ശ്രമം
പാഴിലായെഴു മസാദ്ധ്യരോഗികള്‍.
-95-
ശാന്തമാക ദുരിതം! വിനിശ്ചിത-
സ്വാന്തയായ് കദനശല്യമൂരുവാന്‍
ധ്വാന്തവും ഭയവുമോര്‍ത്തിടാതുടന്‍
ഞാന്‍ തടാകതടമെത്തി രാത്രിയില്‍”.
-96-
വേഗമാബ്ഭയദനിശ്ചയം ശ്രവി-
ച്ചാകുലാദ്ഭുത ദയാരസോദയന്‍,
ഏകിനാന്‍ ചെവിയവന്‍, സഗദ്ഗദം
ശോകമാര്‍ന്നു കഥ പിന്‍‌തുടര്‍ന്നവള്‍.
-97-
ലോകമൊക്കെയുമുറങ്ങി, കൂരിരു-
ട്ടാകെ മൂടിയമമൂര്‍ത്തി ഭീകരം
ഏകയാ‍യവിടെ നിന്നു, സൂചിയേ-
റ്റാകിലൊന്നുടലറിഞ്ഞിടാതെ ഞാന്‍
-98-
തിണ്ണമായിരുളില്‍നിന്നും വിശ്വസി-
ച്ചെണ്ണിനേന്‍ ഝടിതി ഭൂതഭാവികള്‍,
വിണ്ണില്‍ ഞാനൊടുവില്‍ നോക്കി, സത്രപം
കണ്ണടഞ്ഞുഡുഗണങ്ങള്‍ കാണ്‍‌കയാല്‍,
-99-
‘നിത്യഭാസുര നഭശ്ചരങ്ങളേ,
ക്ഷിത്യവസ്ഥ ബത നിങ്ങളോര്‍ത്തിടാ
അത്യനര്‍ത്ഥവശ ഞാന്‍ ക്ഷമിപ്പിനി-
കൃത്യ’മെന്നുമവയോടിരന്നു ഞാന്‍.
-100-
ഓര്‍ത്തുപിന്നുടനഗാധതോയമാം
തീര്‍ത്ഥസീമയിലിറങ്ങിയങ്ങു ഞാന്‍
ആര്‍ത്തിയാല്‍ മൊഴിയിലോ മനസ്സിലോ
പ്രാര്‍ത്ഥിതം ചരമാമവമോതിനാന്‍.