ഭാഗം 3

ഭാഗം 3
-51-
മാറില്‍ നിന്നുടനിഴിഞ്ഞ വല്ക്കലം
പേറിയാശു പദരേണു തൊട്ടവള്‍
കൂറൊടും തലയില്‍ വെച്ചു, സാദരം
മാറിനിന്നു യമിതന്നെ നോക്കിനാള്‍.
-52-
‘എന്തുവാനഭിമതന്‍ കഥിക്കുമോ?
എന്തുവാന് കരുതുമോ മഹാനിവന്‍?’
ചിന്തയേവമവളാര്‍ന്നു; തുഷ്ടിയാല്‍
ഹന്ത! ചെയ്തു യമി മൌനഭേദനം.
-53-
‘മംഗലം ഭഗിനി, നിന്റെ ഭക്തിയാല്‍
തുംഗമോശ്മിയലുന്നു ഞാന്‍ ശുഭേ
എങ്ങു ചൊല്ലിവറ്റേയാരൊടാരു നീ
യെങ്ങു നിന്നു മുനിപുത്രദര്‍ശനേ?’
-54-
എന്നുരച്ചു പുനരുത്തരോല്‍കനായ്
നിന്നുതേ സ്വയമസംഗനാകിലും,
സ്യന്ദമാനവദാരു വാരിമേല്‍
മന്ദമാച്ചുഴിയിലാഞ്ഞപോലവന്‍.
-55-
‘മുന്നിലെന്‍ നിയതിയാലണഞ്ഞുമി-
ന്നെന്നെ യെന്‍പ്രിയനറിഞ്ഞതില്ലിവന്‍!
സന്നവാസനനഹോ മറന്നുതാന്‍
മുന്നമുള്ളതഖിലം മഹാശയന്.‘
-56-
ഏവമോര്‍ത്തുമഥ വീര്‍ത്തുമാര്‍ന്നിടും
ഭാവചാപലമടക്കിയും ജവം
പാവനാംഗി പരിശങ്കമാനനായ്
സാവധാനമവനോടു ചൊല്ലിനാള്‍-
-57-
“കഷ്ടകാലമഖിലം കഴിഞ്ഞു ഹാ!
ഭിഷ്ടമീ വടിവിയന്നു വന്നപോല്‍
മൃഷ്ടനായിഹ ഭവാന്; ഭവാനു പ-
ണ്ടിഷ്ടയാം ‘നളിനി’ ഞാന്‍ മഹാമതേ!
-58-
പ്രാണനോടുമൊരുനാല്‍ ഭവല്പദം
കാണുവാന്‍ ചിരമഹോ! കൊതിച്ചു ഞാന്‍
കേണുവാണിവിടെ, യേകുമര്‍ഥിയാം
പ്രാണിതന്‍ പ്രിയമൊരിക്കലീശ്വരന്‍.
-59-
സന്ന്യസിച്ചളവുമാസ്ഥയാല്‍ ഭവാന്
തന്നെയോര്‍ത്തിഹ തപസ്സില്‍ വാണു ഞാന്‍
ധന്യയായ് സപദി കണ്‍കമൂലമ-
ങ്ങെന്നെ യോര്‍ക്കുകിലു മോര്‍ത്തീടായ്കിലും.”
-60-
ഏവമോതിയിടരാര്ന്നു കണ്ണുനീര്
തൂവിനാള്‍ മൊഴി കുഴങ്ങി നിന്നവള്‍.
ഭാവശാലികള്‍ പിരിഞ്ഞുകൂടിയാ-
ലീവിധം വികലമാം സുഖോദയം.
-61-
ധീരനായ യതി നോക്കി തമ്പിതന്‍
ഭൂമിബാഷ്പപരിപാടലം മുഖ,
പൂരിതാഭയൊടുഷസ്സില്‍ മഞ്ഞുതന്‍
ധാരയാര്‍ന്ന പനിനീര്‍സുമോപമം.
-62-
ആരതെന്നുടനറിഞ്ഞു കൌതുകം
പാരമാര്‍ന്നു കരുതിപ്പുരാഗതം,
ചാരുശൈശവകഥയ്ക്കുതന്നെ ചേര്-
ന്നോരുവാക്കരുളിനാന്‍ കനിഞ്ഞവന്‍.
-63-
“പാരവും പരിചയംകലര്‍ന്നെഴും
പേരുമീ മധുരമായ കണ്ഠവും
സാരമായ് സ്മൃതിയില്‍ നീയുമിപ്പൊള്‍ നിന്
ദൂരമാം ഭവനവും വരുന്നയേ!
-64-
കണ്ടുടല്‍ സ്വയമറിഞ്ഞിടാത്തതോര്‍-
ത്തിണ്ടല്‍വേണ്ട സഖി! കേണിടേണ്ട മകള്‍,
പണ്ടു നിന്നെയൊരിളം കുരുന്നതായ്
കണ്ടു ഞാന്‍, സപദി വല്ലിയായി നീ
-65-
എന്നില്‍ നിന്നണുവുമേല്ക്കിലപ്രിയം
നിന്നു കേഴുമയി! കണ്ടിടുന്നുതേ
നിന്നിലിപ്രണയചാപലത്തെ ഞാ-
നന്നുമിന്നുമൊരുപോലെ വത്സലേ.
-66-
പോയതൊക്കെയഥവാ നമുക്കയേ,
പ്രായവും സപദി മാറി കാര്യവും
ആയതത്വമറിവിന്നുമാര്‍ന്നു,-പോ
ട്ടായതെന്തിവിടെ വാണിടുന്നു നീ:
-67-
ഓര്‍തുകിന്നതഥവാ വൃഥാ ശുഭേ
ഹേതു കേള്‍ക്കുവതൊരര്‍ത്ഥമേതിനോ
നീ തുനിഞ്ഞു-നിജകര്‍മ്മനീതരാ-
യേതുമാര്‍ഗ്ഗമിയലാ ശരീരികള്‍!
-68-
പിന്നെയൊന്നൊരുപകാരമേതിനോ,
യെന്നെയോര്‍ത്തു സഖി, ഏതതോതുക,
അന്യജീവനുതകി സ്വജീവിതം
ധന്യമാകുമമലേ വിവേകികള്‍.“
-69-
മാലു ചെറ്റുടനകന്നുമുള്ളിലെ-
ന്നാലുമാശ തടവാതെ വാടിയും,
ആലപിച്ചയതിതന്നെ നോക്കിനാള്‍
ലോലകണ്ഠമതിലേലലോചന.
-70-
നവ്യമാം പരിധിയാര്‍ന്നനുക്ഷണം
ദിവ്യദീപ്തി ചിതറീടൂമാമുഖം,
ഭവ്യശീലയവള്‍ കണ്ടൂ, കുണ്ഠയാ-
യവ്യവസ്ഥിതരസം, കുഴങ്ങിനാള്‍.
-71-
പാരമാശു വിളറിക്കറുത്തുടന്‍
ഭൂരിചൊന്നുഥേ മഞ്ഞളിച്ചുമേ
നാരിതന്‍ കവിള് നിറം കലര്‍ന്നു, ഹാ!
സൂര്യരശ്മി തടവും പളുങ്കുപോല്‍.
-72-
തെല്ലുനിന്നരുണകാന്തിയില്‍ കലര്-
ന്നുല്ലസിച്ച ഹിമശീകരോപമം,
മെല്ലെയാര്‍ന്നു മൃദുഹാസമശ്രുവും
ചൊല്ലിനാള്‍ മൊഴികള്‍ ചാരുവണിയാള്‍
-73-
“ആര്യ! മുന്പരിചയങ്ങള് നല്കിടും
ധൈര്യമാര്ന്നു പറയുന്നു മദ്ഗതം,
കാര്യമിന്നതയി? കേള്‍ക്കുമോ കനി-
ഞ്ഞാര്യമാകിലുമനാര്യമാകിലും?
-74-
പാരമുള്ളിലഴലായി, ജീവിതം
ഭാരമായി, പറയാതൊഴിക്കുകില്‍
തീരുകില്ല, ധരയില്‍ ഭവാനൊഴി-
ത്താരുമില്ലതുമിവള്‍ക്കു കേള്‍ക്കുവാന്‍.
-75-
ആഴുമാര്‍ത്തിയഥവാ കതിക്കിലീ-
യൂഴമോര്‍ത്തിടുമതന്യഥാ ഭവന്,
പാഴിലോതിടുകയോ വിധിക്കു ഞാന്‍
കീഴടങ്ങി വിരമിക്കയോ വരം?