ഭാഗം 2

bookmark

ഭാഗം 2

 
-26-
സ്നിഗ്ദ്ധമാരിവളെയോര്‍ത്തിരുന്നു സ-
ന്ദിഗ്ദ്ധമശ്രുനിര പെയ്തുതാന്‍ ചിരം
മുഗ്ദ്ധതന്‍ മൃദുകരം കൊതിച്ചുമേ
ദഗ്ദ്ധരായ് പല യുവാക്കള്‍ വാണുതാന്‍.
-27-
ഈവിധം സകല ലോഭനീയമീ-
ജീവിതം വ്രതവിശീര്‍ണ്ണമാക്കിനാള്‍
ഭാവുകാംഗി, അഥവാ മനോജ്ഞമാം
പൂവുതാന്‍ ഭഗവദര്‍ച്ചനാര്‍ഹമാം.
-28-
ജീവിതാശകള്‍ നശിച്ചു, വാടിയുള്‍-
പൂവു, ജീവഗതിയോര്‍ത്തു ചെയ്കയാം
ദേവദേവപദസേവയേവമീ-
ഭൂവിലാവിലത പോവതിന്നിവള്‍.
-29-
ശാന്തയായ് സുചിരയോഗസംയത-
സ്വാന്തയായിവിടെ മേവിയേറെനാള്‍
കാന്ത, യിന്നടിതകര്‍ന്ന സേതുപോല്‍
ദാന്തിയറ്റു ദയനീയയായിതേ.
-30-
ഈ മഹാവ്രത കൊതിച്ച സിദ്ധിയെ-
ങ്ങാമയം പരമിതെങ്ങിതെന്തുവാന്‍
ഹാ! മനുഷ്യനഥവാ ഹിതാര്‍ത്ഥമായ്
വാമലീല തുടരുന്നതാം വിധി.
-31-
മാനസം ഭഗവദംഘ്രിപങ്കജ-
ധ്യാനധാരയിലുറച്ചിടായ്കയാല്‍
ദീനയായ് ഗതിതടഞ്ഞു, വേനലില്‍
ശ്യാമയാം തടിനിപോലെ തന്വിയാള്‍.
-32-
നൊന്ത ചിത്തമൊടു നിന്നു കണ്ണുനീര്‍
ചിന്തി ഹൈമനസരോജമൊത്തവള്‍
സന്തപിച്ചു-വധുവിന്നധീരമാ-
ണന്തരംഗമതിവിജ്ഞയാകിലും.
-33-
ഖിന്നഭാവമിതകറ്റി, മാനസം
പിന്നെയും പ്രതിനിവൃത്തമാക്കുവാന്‍
സന്നഹിച്ചഥ സരസ്സില്‍ നോക്കിയാ-
സ്സന്നധെര്യ തനിയേ പുലമ്പിനാള്‍.
-34-
“സ്വാമിയാം രവിയെ നോക്കിനില്‍ക്കുമെന്‍
താമരേ, തരളവായുവേറ്റു നീ
ആമയം തടവിടായ്ക, തല്‍ക്കര-
സ്തോമമുണ്ടു തിരിയുന്നദിക്കിലും.
-35-
സന്തതം മിഹിരാത്മശോഭയും
സ്വന്തമാമ്മധു കൊതിച്ച വണ്ടിനും
ചന്തമാര്‍ന്നരുളി നില്‍ക്കുമോമലേ,
ഹന്ത! ധന്യമിഹ നിന്റെ ജീവിതം”
-36-
കോട്ടമറ്റവിടെയെത്തി, യിന്ദ്രിയം
പാട്ടിലാക്കി യപഭീതിയാം യതി,
കാട്ടിലിങ്ങനെ മനുഷ്യഗേയമാം
പാട്ടുകേട്ടു പരമാര്‍ന്നു കൌതുകം.
-37-
വാ‍ക്കിലും പൊരുളിയും രസസ്രവം
വായ്ക്കുമാ മധുരശബ്ദമെത്തിടും
ലാക്കിലും ചെവികൊടുത്തു കാട്ടിലും
നോക്കിനിന്നു ലയലീനനായവന്‍.
-38-
“ഹാ! വിശിഷ്ടമൃദുഗാന, മിന്നി നീ
കൂവിടായ്ക കുയിലേയനക്ഷരം!”
ഏവമോതിയലയും മരങ്ങള്‍ തന്‍
പൂവെഴും തല തളര്‍ത്തശാഖയും
-39-
കാണി നിന്നവിടെയിത്ഥമാസ്ഥയാല്‍
കാണുവാനുഴറി, കണ്ഠരീതിയാല്‍
പ്രാണസൌഖ്യമരുളും സജീവയാം
വീണതന്നെ ലയവേദിയാം യതി-
-40-
‘വന്യഭൂമിയില്‍ വഹിച്ചു പുമണം
ധന്യനായഹഹ! വന്നണഞ്ഞു നീ
തെന്നലേ! തഴുവുകിന്നു ശങ്കവേ-
ണ്ടെന്നെ; ഞാന്‍ മലിനമേനിയല്ലെടോ’.
-41-
കഞ്ജലീനഖഗരാഗമെന്നപോല്‍
മഞ്ജുഗാനമതു വീണ്ടുമീവിധം
വ്യഞ്ജിതാശയമടുത്തുകേട്ടവന്‍
കഞ്ജിനീതടമണഞ്ഞു നോക്കിനാന്‍.
-42-
ചാഞ്ഞലഞ്ഞ ചെറുദേവദാരുവി-
ന്നാഞ്ഞ ശാഖകളടിക്കു, ചിന്തയാല്‍
കാഞ്ഞു, കാണ്‍‌മതു മനോരഥങ്ങളാല്‍
മാഞ്ഞു തന്‍‌നില മറന്നു നിന്നവള്‍.
-43-
‘ഹാ! കൃശാ തരുതലത്തിലിന്ദുവി-
ന്നേകരശ്മിയതുപോലെയാരിവള്‍?
മാഴ്കിടുന്നു, ദയതോന്നും- ‘എന്നലി-
ഞ്ഞേകയാമവളെ നോക്കിനാന്‍ യമി.
-44-
അപ്പൊഴാശു തനിയെ വിടര്‍ന്നവള്‍-
ക്കുല്പ്പലങ്ങളൊടിടഞ്ഞ കണ്ണുകള്‍
ഉള്‍പ്രമോദമഥ വേലിയേറ്റമാര്‍-
ന്നദ്ഭുതാംഗിയുടെ ചന്ദ്രനോ യതി!
-45-
ദൂരെ നിന്ന് യമിതന്നെയാശു ക-
ണ്ടാരതെന്നുമുടനേയറിഞ്ഞവള്‍
പാരമിഷ്ടജനരൂപമോരുവാന്‍
നാരിമാര്‍ക്കു നയനം സുസൂക്ഷ്മമാം.
-46-
ഞെട്ടിയൊന്നഥ കുഴങ്ങിനിന്നു പി-
ന്നൊട്ടു സംഭ്രമമിയന്നു പാഞ്ഞവള്‍
തിട്ടമായ് യതിയെ നോക്കി, യാഴിയേ
മുട്ടിനിന്നണമുറിഞ്ഞ വാരിപോല്‍.
-47-
‘അന്‍പിനിന്നു ഭഗവന്‍, ഭവല്പദം
കുമ്പിടുന്നഗതിയായ ദാസി ഞാന്‍’
വെമ്പിയേവമവളോതി, യോഗിതന്‍-
മുന്‍പില്‍ വീണു മൃദുഹേമയഷ്ടിപോല്‍.
-48-
ഒറ്റയായിടകുരുങ്ങി വാച്ച തന്‍
കുറ്റവാര്‍കുഴലു തലപദങ്ങളില്‍
ഉറ്റരാഗമൊടടിഞ്ഞു കാണ്‍കയാല്‍
മുറ്റുമോര്‍ത്തു കൃതകൃത്യയെന്നവള്‍.
-49-
ഉന്നിനിന്നു ചെറുതുള്‍ക്കുരുന്നിനാല്‍
ധന്യയെപ്പുനരനുഗ്രഹിച്ചുടന്‍,
പിന്നിലാഞ്ഞവളെ ഹസ്തസംജ്ഞയാ-
ലുന്നമിപ്പതിനുമോതിനാല്‍ യമി.
-50-
സ്പഷ്ടമാജ്ഞയതിനാലെ പൊങ്ങിയും
നഷ്ടചേഷ്ടത കലര്‍ന്നു തങ്ങിയും
കഷ്ടമായവിടെ നിന്നെണീറ്റുതേ
ദൃഷ്ടയത്ന ദയനീയയായവള്‍.