തടവുകാരി - നന്ദിത കെ എസ്

bookmark

തടവുകാരി - നന്ദിത കെ എസ്

നെറ്റിയിൽ നിന്നു നീ തുടച്ചെറിഞ്ഞ വിയർപ്പു തുള്ളികൾ
എന്റെ ചേലത്തുമ്പിൽ
കറകളായ്‌ പതിഞ്ഞു.

നിന്റെ പാതിയടഞ്ഞ മിഴികളിൽ
എന്റെ നഷ്ടങ്ങളുടെ കഥ ഞാൻ വായിച്ചു.

ആരെയും കൂസാത്ത നിന്റെ ഭാവത്തിൽ
എന്റെ ചാപല്യം താദാത്മ്യം പ്രാപിച്ചത്‌ ഞാനറിഞ്ഞു.

നിന്റെ സ്വപ്നങ്ങളുടെ വർണ്ണശബളിമയിൽ
എന്റെ നിദ്ര നരയ്ക്കുന്നതും
നിന്റെ പുഞ്ചിരിയിൽ എന്റെ കണ്ണീരുറയുന്നതും
നിന്റെ നിർവ്വികാരതയിൽ ഞാൻ തളരുന്നതും
എന്റെ അറിവോടു കൂടിത്തന്നെയായിരുന്നു.

എനിക്കു രക്ഷപ്പെടണമെന്നുണ്ടായിരുന്നു
പക്ഷെ.........
ഞാൻ തടവുകാരിയായിരുന്നു.
എന്റെ ചിന്തകളുടെ.