നളിനി - കുമാരനാശാന്‍

bookmark

നളിനി - കുമാരനാശാന്‍

 

ഭാഗം 1


-1-
നല്ല ഹൈമവതഭൂവില്‍, -ഏറെയായ്
കൊല്ലം – അങ്ങൊരു വിഭാതവേളയില്‍,
ഉല്ലസിച്ചു യുവയോഗി യേകനുല്‍
ഫുല്ല ബാലരവിപോലെ കാന്തിമാന്‍.
-2-
ഓതി, നീണ്ട ജടയും നഖങ്ങളും
ഭൂതിയും ചിരതപസ്വിയെന്നതും,
ദ്യോതമാനമുടല്‍ നഗ്നമൊട്ടു ശീ-
താതപാദികളവന്‍ ജയിച്ചതും.
-3-
പാരിലില്ല ഭയമെന്നു മേറെയു-
ണ്ടാരിലും കരുണയെന്നു മേതിനും
പോരുമെന്നുമരുളീ പ്രസന്നമായ്
ധീരമായ മുഖകാന്തിയാലവന്‍
-4-
തല്പരത്വമവനാര്‍ന്നിരുന്നു തെ-
ല്ലപ്പോള്‍-വെന്നരീയെയൂഴി കാക്കുവാന്‍,
കോപ്പിടും നൃപതിപോലെയും കളി-
ക്കോപ്പെടുത്ത ചെറുപൈതല്പോലെയും,
-5-
ഇത്ര ധന്യത തികഞ്ഞു കാണ്‍‌മതി-
ല്ലത്ര നൂനമൊരു സാര്‍വഭൌമനില്‍
ചിത്തമാം വലിയ വൈരി കീഴമര്‍
ന്നത്തല്‍തീര്‍ന്ന യമിതന്നെ ഭാഗ്യവാന്‍
-6-
ധ്യാനശീലനവനങ്ങധീത്യകാ-
സ്ഥാനമാര്‍ന്നു തടശോഭ നോക്കിനാന്‍
വാനില്‍നിന്നു നിജ നീഡമാര്‍ന്നെഴും
കാനനം ഖഗയുവാവുപോലെവേ.
-7-
ഭൂരി ജന്തുഗമനങ്ങള്‍, പൂത്തെഴും
ഭൂരുഹങ്ങള്‍ നിറയുന്ന കാടുകള്‍,
ദൂര്‍ദര്‍ശന കൃശങ്ങള്‍, കണ്ടുതേ
ചാരുചിത്രപടഭംഗിപോലവന്‍.
-8-
പണ്ടു തന്റെ പുരപുഷ്പവാടിയുള്‍-
ക്കൊണ്ട വാപികളെ വെന്ന പൊയ്കയില്‍
കണ്ടവന്‍ കുതുകമാര്‍ന്നു തെന്നലില്‍
തണ്ടുലഞ്ഞു വിടരുന്ന താരുകള്‍
-9-
സാവധാന മെതിരേറ്റു ചെല്ലുവാ-
നാ വികസ്വരസരസ്സയച്ചപോല്‍
പാവനന്‍ സുരഭിവായു വന്നു ക-
ണ്ടാവഴിക്കു പദമൂന്നിനാനവന്‍.
-10-
ആഗതര്‍ക്കു വിഹഗസ്വരങ്ങളാല്‍
സ്വാഗതം പറയുമാ സരോജിനി
യോഗിയേ വശഗനാക്കി-രമ്യഭൂ-
ഭാഗഭംഗികള്‍ ഹരിക്കുമാരെയും.
-11-
എന്നുമല്ല ശുഭരമ്യഭൂവിവര്‍-
ക്കെന്നുമുള്ളൊരനവദ്യഭോഗമാം
വന്യശോഭകളിലത്രയല്ല യീ-
ധന്യനാര്‍ന്നൊരു നിസര്‍ഗ്ഗജം രസം
-12-
ആകയാല്‍ സ്വയമകുണ്ഠമാനസന്‍
പോകയാമതു വഴിക്കു തന്നിവന്‍,
ഏകകാര്യമഥവാ മഹൂത്ഥമാം
ഏകഹേതു ബഹു കാര്യകാരിയാം.
-13-
കുന്നുതന്നടിയിലെത്തവേ സ്വയം
നിന്നുപോയ് ഝടിതി ചിന്തപൂണ്ടപോല്‍,
എന്നുമല്ല ചെറുതാര്‍ത്തിയാര്‍ന്നവാ-
റൊന്നുവീര്‍ത്തു നെടുതായുടന്‍ യതി.
-14-
എന്തുവാന്‍ യമിയിവണ്ണ മന്തരാ
ചിന്തയാര്‍ന്നതഥവാ നിനയ്ക്കുകില്‍,
ജന്തുവിന്നു തുടരുന്നു വാസനാ-
ബന്ധമിങ്ങുടലു വീഴുവോളവും.
-15-
അപ്പൊമാന്റെയകമോളമാര്‍ന്ന വീര്‍-
പ്പപ്പൊഴാഞ്ഞനതിദൂരഭൂമിയില്‍
അദ്ഭുതം തരുവിലീനാമേനിയായ്
നില്പൊരാള്‍ക്കു തിരതല്ലി ഹൃത്തടം.
-16-
സ്വന്തനിഷ്ഠയതിനായ് കുളിച്ചു നീര്‍-
ചിന്തുമീറനൊടു പൊയ്കതന്‍‌തടേ
ബന്ധുരാംഗരുചി തൂവി നിന്നുഷ-
സ്സന്ധ്യപോലെയൊരു പാവനാംഗിയാള്‍.
-17-
കണ്ടതില്ലവര്‍ പരസ്പരം, മരം-
കൊണ്ടു നേര്‍വഴി മറഞ്ഞിരിക്കയാല്‍,
രണ്ടുപേരുമകതാരിലാര്‍ന്നിതുല്‍-
ക്കണ്ഠ-കാണക ഹഹ! ബന്ധവൈഭവം!
-18-
ആ തപോമൃദിതയാള്‍ക്കു തല്‍ക്ഷണം
ശീതബാധ വിരമിച്ചുവെങ്കിലും,
ശ്വേതമായ് ഝടിതി, കുങ്കുമാഭമാ-
മാതപം തടവിലും, മുഖാംബുജം.
-19-
ആശപോകിലുമതിപ്രിയത്തിനാല്‍
പേശലാംഗിയഴലേകുമോര്‍മ്മയില്‍
ആശ വായുവില്‍ ജരല്‍‌പ്രസൂനയാ-
മാ ശിരീഷലതപോല്‍ ഞടുങ്ങിനാള്‍.
-20-
സീമയറ്റഴലിലൊട്ടു സൂചിത-
ക്ഷേമമൊന്നഥ ചലിച്ചു, മീനിനാല്‍
ഓമനച്ചെറുമൃണാളമെന്നപോല്‍
വാമനേത്രയുടെ വാമമാം കരം.
-21-
ഹന്ത! കാനനതപസ്വിനീ ക്ഷണം
ചിന്ത ബാലയിവളാര്‍ന്നു വാടിനാള്‍,
എന്തിനോ?-കുലവധൂടികള്‍ക്കെഴു-
ന്നന്തരംഗഗതിയാരറിഞ്ഞുതാന്‍!
-22-
ഒന്നു നിര്‍ണ്ണയമുദീര്‍ണ്ണശോഭയാ-
ളിന്നു താപസകുമാരിയല്ലിവള്‍,
കുന്ദവല്ലി വനഭൂവില്‍ നില്‍ക്കിലും
കുന്ദമാണതിനു കാന്തി വേറെയാം.
-23-
എന്നുമല്ല സുലഭാംഗഭംഗിയാ-
ണിന്നുമിത്തരുണി പൌരിമാരിലും,
മിന്നുകില്ലി ശരദഭ്രശാതയായ്,
ഖിന്നയാകിലുമഹോ തടില്ലത്?
-24-
കൃച്ഛ്‌റമായിവള്‍ വെടിഞ്ഞു പോന്നൊരാ-
സ്വച്ഛസൌഹൃദരിവള്‍ക്കു തുല്യരാം,
അച്ഛനും ജനനിതാനുമാര്‍ത്തിയാ-
ലിച്ഛയാര്‍ന്നു മൃതിതാന്‍ വരിച്ചുപോല്‍.
-25-
ഹാ! ഹസിക്കരുതു ചെയ്തു കേവലം
സാഹസിക്യമിവളെന്നു-സാധ്വിയാള്‍.
ഗേഹവും സുഖവുമൊക്കെവിട്ടു താന്‍-
സ്നേഹമോതി, യതുചെയ്തതാണിവള്‍.