ശവശരീരത്തിലെ പൂക്കള്‍ - എ. അയ്യപ്പന്‍

bookmark

ശവശരീരത്തിലെ പൂക്കള്‍ - എ. അയ്യപ്പന്‍

പറയന്‍ പ്രാപിച്ച അന്തര്‍ജ്ജനത്തിന്റെ
തുളസിപ്പൂമുറ്റം കണികണ്ടു ഞാനുണരുന്നു

തുളസിത്തറയിലെ  അന്തിത്തിരിയും
നിലത്തെ  മണ്‍കോലങ്ങളും
സ്വപ്നത്തില്‍ നിറയുന്നു

പാതിരാവില്‍
പറയന്റെ കാലടിച്ചവിട്ടേറ്റ്
കോലങ്ങളുടെ പത്തികള്‍  ചതയുന്നു

ഒരു സര്‍പ്പം
നഗ്നതയുടെ നാഗഫണമായ് വന്നു
നെറ്റിയിലും ചങ്കിലും കൊത്തി
നീല വര്‍ണ ജഡമാക്കുന്നു.

ഞരമ്പുകള്‍ മുറിഞ്ഞ്
രക്തപ്രവാഹങ്ങളെങ്ങോട്ടൊഴുകണമെന്നറിയാതെ
തളംകെട്ടിനില്‍ക്കെ
ആരുടെ മകുടിയൂത്തു കേട്ടാണ്
അതെന്നില്‍ നിന്നിഴഞ്ഞിഴഞ്ഞുപോയത്
തുളസിപ്പൂ മണമുള്ള വിരലുകളാല്‍ തഴുകി
ആര്
എന്റെ  നീലവര്‍ണ ജഡത്തിന്
ചോരയോട്ടം നല്‍കി.