യാക്കോബിന്റെ വലിയ കുടുംബം
ഈ വലിയ കുടുംബത്തെ ഒന്നു കാണുക. ഇവർ യാക്കോബിന്റെ 12 ആൺമക്കളാണ്. അവനു പെൺമക്കളും ഉണ്ട്. ഇവരിൽ ആരുടെയെങ്കിലും പേര് നിങ്ങൾക്ക് അറിയാമോ? നമുക്ക് അവയിൽ ചിലതു പഠിക്കാം.
ലേയയ്ക്ക് രൂബേൻ, ശിമെയോൻ, ലേവി, യെഹൂദാ എന്നീ മക്കൾ ഉണ്ടായി. തനിക്കു കുട്ടികൾ ഒന്നും ജനിക്കുന്നില്ലെന്നു റാഹേൽ കണ്ടപ്പോൾ അവൾക്കു വളരെ സങ്കടമായി. അതുകൊണ്ട് അവൾ തന്റെ ദാസിയായ ബിൽഹയെ യാക്കോബിനു നൽകി. ബിൽഹയ്ക്ക് ദാൻ, നഫ്താലി എന്നീ ആൺകുട്ടികൾ ജനിച്ചു. അപ്പോൾ ലേയയും തന്റെ ദാസിയായ സിൽപ്പയെ യാക്കോബിനു നൽകി. സിൽപ്പയ്ക്ക് ഗാദ്, ആശേർ എന്നീ കുട്ടികൾ ജനിച്ചു. പിന്നെ, ലേയയ്ക്ക് യിസ്സാഖാർ, സെബൂലൂൻ എന്നിങ്ങനെ രണ്ട് ആൺകുട്ടികൾ കൂടി ഉണ്ടായി.
ഒടുവിൽ റാഹേലിന് ഒരു കുഞ്ഞു ജനിച്ചു. അവനു യോസേഫ് എന്ന് അവൾ പേരിട്ടു. പിന്നീടു നാം യോസേഫിനെ കുറിച്ചു കൂടുതൽ കാര്യങ്ങൾ പഠിക്കും, കാരണം അവൻ വളരെ വലിയ ഒരാളായിത്തീർന്നു. യാക്കോബ് റാഹേലിന്റെ അപ്പനായ ലാബാന്റെകൂടെ താമസിച്ചകാലത്ത് അവനു ജനിച്ച 11 ആൺമക്കൾ ഇവരായിരുന്നു.
യാക്കോബിന് ഏതാനും പെൺമക്കൾ കൂടി ഉണ്ടായിരുന്നു. എന്നാൽ അവരിൽ ഒരാളുടെ പേരു മാത്രമേ ബൈബിളിലുള്ളൂ. അവളായിരുന്നു ദീനാ.
യാക്കോബ് ലാബാനെ പിരിഞ്ഞു കനാനിലേക്കു തിരിച്ചുപോകുന്നതിനുള്ള സമയം വന്നു. അങ്ങനെ അവൻ തന്റെ വലിയ കുടുംബവും വലിയ ആട്ടിൻ കൂട്ടവും കന്നുകാലി കൂട്ടവുമായി ദൂരെയുള്ള കനാനിലേക്കു യാത്ര തിരിച്ചു.
യാക്കോബും കുടുംബവും കനാൻ ദേശത്ത് എത്തി കുറച്ചു കഴിഞ്ഞ് റാഹേൽ മറ്റൊരു ആൺകുട്ടിയെ പ്രസവിച്ചു. യാത്രയ്ക്ക് ഇടയിലായിരുന്നു ഇതു സംഭവിച്ചത്. റാഹേൽ വളരെ കഷ്ടപ്പെട്ടു, പ്രസവത്തോടെ അവൾ മരിക്കുകയും ചെയ്തു. പക്ഷേ കുഞ്ഞിന് കുഴപ്പമൊന്നും ഇല്ലായിരുന്നു. യാക്കോബ് അവനു ബെന്യാമീൻ എന്നു പേരിട്ടു.
യാക്കോബിന്റെ 12 ആൺമക്കളുടെ പേരുകൾ ഓർത്തിരിക്കുന്നതു നല്ലതാണ്, കാരണം മുഴു ഇസ്രായേൽ ജനതയും ഉണ്ടായത് ഇവരിൽനിന്നാണ്. യാക്കോബിന്റെ പത്ത് ആൺമക്കളുടെയും യോസേഫിന്റെ രണ്ട് ആൺമക്കളുടെയും പേരുകളിലാണ് ഇസ്രായേലിലെ 12 ഗോത്രങ്ങൾ അറിയപ്പെടുന്നതുതന്നെ. ഈ കുട്ടികളെല്ലാം ജനിച്ചു കഴിഞ്ഞും അനേക വർഷങ്ങൾ യിസ്ഹാക് ജീവിച്ചിരുന്നു. ഇത്രയേറെ കൊച്ചുമക്കൾ ഉള്ളതിൽ യിസ്ഹാക് വളരെയധികം സന്തോഷിച്ചിരിക്കണം. എന്നാൽ അവന്റെ കൊച്ചുമകളായ ദീനായ്ക്ക് എന്തു സംഭവിച്ചെന്നു നമുക്കു നോക്കാം.
ഉല്പത്തി 29:32-35; 30:1-26; 35:16-19; 37:35.
