മഴത്തുള്ളികള്‍ - ഒ എന്‍ വി

bookmark

മഴത്തുള്ളികള്‍ - ഒ എന്‍ വി

'മഴയ്ക്കെന്തൊരു ഭംഗി' പറഞ്ഞു പതുക്കെ നീ

മഴത്തുള്ളികള്‍ വേനല്‍ ചൂടാര്‍ന്ന മണ്ണില്‍ വീഴ്‍കെ
അതിന്റെ കുളിര്‍മ്മ ആ മണ്ണിലേക്കാളും
നിന്റെ മനസ്സില്‍ പടര്‍ന്നിട്ടോ, മഴയിലലിഞ്ഞിട്ടോ
അടക്കാനാവാതേതോ കൌതുകം തുളുമ്പും പോല്‍‍
പതുക്കെ പറഞ്ഞു നീ.. മഴയ്ക്കെന്തൊരു ഭംഗി !
തുള്ളി തുള്ളിയായ് പിന്നെ വെള്ളിക്കമ്പികളായ്
ആ കമ്പികള്‍‍ മുറുക്കിയ ശത തന്ത്രിയും മീട്ടി
മണ്ണിലേയ്ക്കിറങ്ങി വന്നു ഈ മഴ
ഒരു ജിപ്‍സി പെണ്‍കിടാവിനെ പോലെ
മുറ്റത്തു നൃത്തം ചെയ്കെ
നിന്‍ മിഴികളിലേതോ കലിമ്പം
വീണ്ടും ബാല്യനൈര്‍മ്മല്യം മൊഴിയില്‍‍
ഹായ് മഴയ്ക്കെന്തൊരു ഭംഗി..!
തൊട്ടുമുന്നിലെ കാഴ്ചയ്ക്കപ്പുറം എന്തോ-
കാണും മട്ടില്‍‍ നീ ഇരിയ്ക്കുന്നു
ഓര്‍മ്മയിലിന്നും മരിയ്ക്കാത്തൊരു പുഴ
അതിനയ്ക്കരെ പോകാന്‍ കൊച്ചുകൂട്ടുകാരുമായ്
നീയും പാവാട തെറുത്തേറ്റി പോകുന്നു
പൊടുന്നനെ വീഴുന്നു മഴ
പുഴയോളങ്ങള്‍ വെള്ളിക്കൊലുസ്സിട്ടു തുള്ളുന്നു ചുറ്റും
കുളിര്‍ത്തു ചിരിച്ചാര്‍ത്ത് മഴയി-
ലടിമുടി കുതിര്‍ന്ന് പുഴയോരത്തെത്തുന്നു
നടവഴി വരമ്പില്‍ നെല്ലിപ്പൂക്കള്‍
കുളിച്ചീറന്‍‍ ചുറ്റി വരവേല്‍‍ക്കുന്നു
നിന്റെ മുന്നിലാ മഴ മാത്രം
ആ നടവഴിമാത്രം
ആ വയല്‍ പൂക്കള്‍‍ മാത്രം
ഞാനടുത്തിരിപ്പതും മറന്നു പറഞ്ഞു നീ
മഴയ്ക്കെന്തൊരു ഭംഗീ..!
മഴയ്ക്കെന്തൊരു ഭംഗീ..!
ഇപ്പോളീ നിന്നെ കാണുമ്പോള്‍‍
പതുക്കെ പറഞ്ഞു ഞാന്‍‍
നിനക്കെന്തൊരു ഭംഗീ!