പവിഴമല്ലിയുടെ മരണം - സുഗതകുമാരി

പവിഴമല്ലിയുടെ മരണം - സുഗതകുമാരി
അഴിവാതിലൂടെപ്പരുങ്ങി വരില്ലിനി
പവിഴമല്ലിപ്പൂവിന്‍ പ്രേമം...
മുറിയില്‍ അകായില്‍ വിളക്കു കെട്ടു,ഞങ്ങ-
ളിവിടെത്തളര്‍ന്നിരിക്കുന്നു
ഇവള്‍ തോഴി,മുറ്റത്തു മണമാര്‍ന്നുനിന്നു പൂ-
മഴ വാരിവാരിച്ചൊരിഞ്ഞോള്‍
മെലിവാര്‍ന്ന കയ്യൊന്നു മെല്ലെയപ്പൂക്കളെ
പ്പതിവായ് പെറുക്കിയിരുന്നൂ
അഴകില്‍ മുറിക്കുള്ളില്‍ ദേവപാദത്തിലു-
മവയെയൊരുക്കിയിരുന്നു
പവിഴമല്ലിച്ചോട്ടില്‍ നിത്യവും സൗമ്യമാം
ജലധാര തൂവിയിരുന്നു
നിറയെച്ചമഞ്ഞു തെളിഞ്ഞുനില്‍ക്കുന്ന നിന്‍
നില കണ്ടു പുഞ്ചിരിയോടെ
മലരുപോല്‍ മൃദുലമാം ശുദ്ധമാമക്കൈകള്‍
പതിവായ് പരിചരിച്ചോളേ
മെലിയുന്നു വാടുന്നു നീയും,പൊടുന്നനെ-
ക്കരിയുന്നുണങ്ങി വീഴുന്നൂ !
ചിരിതൂകിപ്പൂവിട്ടു തല പൊക്കി നില്‍ക്കവേ
മൃതി വന്നു തൊട്ടതുപോലെ...
പരിചിതമാക്കൈ പിടിച്ചുനീയിഷ്ടമാം
തുണയായ് അനുഗമിച്ചെന്നോ ?....
നെറുകയിലമ്മ തലോടുന്നപോ,ലെന്റെ
ഭഗവാന്‍ തൊടുന്നതുപോലെ
പ്രിയമൊടാക്കെകള്‍ തൊടില്ലിനി, ഞങ്ങളും
വെയിലേറ്റു വാടി നില്‍ക്കുന്നു
ഇനിയില്ല,ഇല്ല,ഇല്ലായ്മയില്‍ ഞങ്ങളീ
യിരുളില്‍ കുനിഞ്ഞിരിക്കുന്നു...
അഴിവാതിലൂടെപ്പരുങ്ങി വരില്ലിനി
പവിഴമല്ലിപ്പൂവിന്‍ പ്രേമം..