പകര്‍ച്ച - ബാലചന്ദ്രന്‍ ചുള്ളിക്കാട്

bookmark

പകര്‍ച്ച - ബാലചന്ദ്രന്‍ ചുള്ളിക്കാട്

ആഫ്രിക്കൻ മരുഭൂമിക്കു
വടക്കുള്ളൊരതിർത്തിയിൽ
അടിമച്ചന്തയിൽ‌വെച്ചു
പണ്ടെന്നോ കണ്ടതാണു നാം.


കൊള്ളിമീനുകൾ പായുന്ന
കിനാക്കണ്ണുള്ള പെണ്മണി.
കാട്ടുമുന്തിരിപോലുള്ള
മുലക്കണ്ണുള്ള സുന്ദരി.


നിലാവുള്ള വനം‌പോലെ
നിത്യചേതോവിമോഹിനി.
സാംബസീനദിയെപ്പോലെ
സർവ്വസംഹാരരൂപിണി.


നിന്നരക്കെട്ടിൽനിന്നോരോ
വംശവും പിറകൊണ്ടതും,
ചത്തും കൊന്നും വെന്നുമെത്ര
സഹസ്രാബ്ദം കഴിഞ്ഞതും,


കടലും കരയും പിന്നെ-
യാകാശവുമടക്കുവാൻ
ദിഗന്തങ്ങൾ നടുങ്ങിപ്പോം
മട്ടു ഗർജ്ജിച്ചലഞ്ഞതും,


അതൊക്കെയോർത്തു പേടിച്ചു
നിന്നെക്കാത്തു കിടക്കയാം
ഞാനിബ്ഭ്രാന്താലയത്തിന്റെ
ചങ്ങലയ്ക്കിട്ട രാത്രിയിൽ.
--------//-------