തിരുപ്പിറവി - ബാലചന്ദ്രന്‍ ചുള്ളിക്കാട്

തിരുപ്പിറവി - ബാലചന്ദ്രന്‍ ചുള്ളിക്കാട്
ഈ തടവുമുറിയിൽ ടി.വി ഇല്ല.
ഇന്റർനെറ്റ് ഇല്ല.
ഒരു പഴയ ട്രാൻസിസ്റ്റർ മാത്രം.
അതു ട്യൂൺ ചെയ്താൽ
വിദൂരമായ കടലിരമ്പം മാത്രം.
കടലിരമ്പമോ അതോ
എല്ലാ ആശുപത്രികളിലെയും
എല്ലാ രോഗികളുടെയും കരച്ചിലോ.
വധിക്കപ്പെട്ടവരുടെ
പരിഹാരമില്ലാത്ത പരാതിയോ.
നിരോധിക്കപ്പെട്ട ബീജകോടികളുടെ
ഘോരപ്രാർത്ഥനയോ.
പാപഗ്രഹത്തിന്റെ പ്രസവവേദനയോ.
എന്തായാലും
എനിക്കുറങ്ങാനാവുന്നില്ല.
ട്രാൻസിസ്റ്റർ ഓഫ് ചെയ്യാം.
എറിഞ്ഞുടയ്ക്കാം.
പക്ഷേ അപ്പോൾ
തിരുപ്പിറവി എങ്ങനെ അറിയും?