ഞാന്‍ മരിക്കും നേരം - പാബ്ലോ നെരൂദ

ഞാന്‍ മരിക്കും നേരം - പാബ്ലോ നെരൂദ
ഞാന്‍ മരിക്കും നേരമോമനേ നീ നിന്റെ
തൂവല്‍ കരമെന്‍ മിഴികള്‍ മേല്‍ വെക്കുക!
ഞാന്‍ അറിയട്ടെ -
എന്‍ ചേതനയെ
ഇത്ര ചേതോഹരമായ് പരിണമിപ്പിച്ചതാം
ആ സ്പര്‍ശനത്തിന്നതുല്യതയെ വീണ്ടും
ഞാന്‍ അറിയട്ടെ - അന്നാ നിമിഷത്തിലും !!!
ഞാനൊരു നിദ്രയില്‍ കാത്തു നില്‍ക്കാം സഖീ
നീയിങ്ങു ഭൂമിയില്‍ തന്നെ ജീവിക്കുക!
നാം കരം കോര്‍ത്തു നുകര്‍ന്ന കാറ്റിന്‍സ്വനം
നീ വീണ്ടുമൊറ്റയ്ക്ക് കേട്ടു നിന്നീടുക!
നാമൊരുമിച്ച സമുദ്രസായന്തന-
തീരങ്ങളില്‍ സഖീ നീ തനിച്ചാവുക!
നാമൊരുമിച്ചു നടന്ന മണലിലൂ-
ടോമനേ നീയേക വീണ്ടും നടക്കുക!
ഞാന്‍ മരിച്ചാലും-കൊതിക്കുന്നു ഞാന്‍ -എന്റെ
സ്നേഹമേ നീ ചിരമിങ്ങു ജീവിക്കുക!
ഞാന്‍ പ്രണയിച്ചവള്‍! ഞാനെന്‍ കവിതയില്‍
ജീവന്റെ ജീവനായ് എന്നും നിറച്ചവള്‍
ഞാന്‍ മരിച്ചാലും - കൊതിച്ചു പോകുന്നു-നീ
യീ മണ്ണിലെന്നുമേ പൂക്കള്‍ വിടര്‍ത്തുക!
പൂക്കളാല്‍ എന്നുമലംകൃതയാവുക!
എന്റെയീ സ്നേഹം നിനക്ക് നല്‍കുന്നതാം
ഉന്നതസീമയെ പ്രാപിച്ചിടും വിധം!
നിന്റെ കാര്‍കൂന്തലിഴകളോടൊത്തന്നു-
മെന്റെയാത്മാവു പറന്നു പാടും വിധം!
എന്റെ ഗാനത്തിന്‍ പ്രചോദനമായ് നിന്നെ-
യന്നുമീ ലോകം പ്രകീര്‍ത്തിച്ചിടും വിധം!