ചന്ദനം - ഒളപ്പമണ്ണ

ചന്ദനം - ഒളപ്പമണ്ണ
രാവിലെയീറന്‍കെട്ടി
നിന്നുകൊണ്ടരയ്ക്കുന്നൂ
കാമിനി ചാണക്കല്ലില്‍-
ച്ചന്ദനം-ഇതു കാണ്‍കേ
അന്തരാ കഥിച്ചു ഞാന്‍:
ഓമനേ തവ ജീവ-
ചന്ദന സുരഭില-
മല്ലി മാമകജന്മം?
നിന്‍റെ കൈയെത്താത്തേടം,
നിന്‍റെ കണ്ണെത്താത്തേടം,
നീയാകെയെത്താത്തേട-
മില്ലയിക്കുടുംബത്തില്‍.
നീ തൊടും പൊട്ടിങ്ങനെ
വിയര്‍പ്പില്‍ക്കുതിരുമ്പോള്‍,
ശ്രീദേവി,സഹജീവി-
യായ ഞാനസൂയാലു:
നീയര,ഞ്ഞരഞ്ഞില്ലാ-
താവുന്നു ദിനംതോറും
സ്വീയമാം സൗരഭ്യവും
നിറവും കുളുര്‍മ്മയും
എനിക്കും കിടാങ്ങള്‍ക്കു-
മങ്ങനെ ലോകത്തിന്നും
കനിഞ്ഞു പകരുന്ന
പരമാനന്ദത്തോടേ!