അബീഗയിലും ദാവീദും
ദാവീദിന്റെ അടുത്തേക്കു നടന്നു വരുന്ന ഈ സുന്ദരി ആരാണെന്ന് അറിയാമോ? അവളുടെ പേര് അബീഗയിൽ എന്നാണ്. അവൾ വിവേകമതിയാണ്; ഒരു ദോഷം പ്രവർത്തിക്കുന്നതിൽനിന്ന് അവൾ ദാവീദിനെ തടയുന്നു. എന്നാൽ അത് എന്തായിരുന്നുവെന്നു മനസ്സിലാക്കുന്നതിനുമുമ്പ്, ദാവീദ് ഇതുവരെ എന്തു ചെയ്യുകയായിരുന്നു എന്നു നമുക്കു നോക്കാം.
ദാവീദ് ശൗലിന്റെ അടുത്തുനിന്ന് ഓടിപ്പോയശേഷം ഒരു ഗുഹയിൽ ഒളിച്ചു താമസിക്കുന്നു. അവന്റെ സഹോദരന്മാരും മറ്റു കുടുംബാംഗങ്ങളും അവിടെ അവനോടു ചേരുന്നു. മൊത്തം ഏതാണ്ട് 400 പേർ അവന്റെ അടുക്കലേക്കു വരുന്നു; ദാവീദ് അവരുടെ നേതാവായിത്തീരുന്നു. ദാവീദ് പിന്നെ മോവാബിലെ രാജാവിന്റെ അടുക്കൽ ചെന്ന് ഇങ്ങനെ പറയുന്നു: ‘എനിക്ക് എന്തു സംഭവിക്കുമെന്ന് അറിയുന്നതുവരെ എന്റെ അപ്പനും അമ്മയും നിങ്ങളുടെ അടുക്കൽ പാർക്കാൻ അനുവദിക്കേണമേ.’ പിന്നീട് ദാവീദും അവന്റെ ആളുകളും കുന്നുകളിൽ ഒളിച്ചു പാർക്കാൻ തുടങ്ങുന്നു.
ഇതിനു ശേഷമാണ് ദാവീദ് അബീഗയിലിനെ കാണുന്നത്. അവളുടെ ഭർത്താവായ നാബാൽ ഒരു വലിയ പണക്കാരനാണ്. അവനു സ്വന്തമായി വളരെ ഭൂമിയും 3,000 ചെമ്മരിയാടുകളും 1,000 കോലാടുകളുമുണ്ട്. നാബാൽ ഒരു ദുഷ്ടനാണ്. പക്ഷേ അവന്റെ ഭാര്യ അബീഗയിൽ അങ്ങനെയല്ല. അവൾ വളരെ സുന്ദരിയും ശരിയായി കാര്യങ്ങൾ ചെയ്യുന്നവളുമാണ്. ഒരിക്കൽ അവൾ തന്റെ കുടുംബത്തെ രക്ഷിക്കുക പോലും ചെയ്യുന്നു. അതെങ്ങനെയെന്നു നമുക്കു നോക്കാം.
ദാവീദും അവന്റെ ആളുകളും നാബാലിനോടു ദയ കാണിച്ചിരുന്നു. അവന്റെ ആടുകളെ ആപത്തുകളിൽനിന്നു കാക്കുന്നതിന് അവർ സഹായിച്ചിട്ടുണ്ട്. അതുകൊണ്ട് ഒരു ദിവസം, നാബാലിനോട് ഒരു ഉപകാരം ചോദിക്കാനായി ദാവീദ് തന്റെ ആളുകളിൽ ചിലരെ അയയ്ക്കുന്നു. നാബാലും അവന്റെ സഹായികളും ആടുകളുടെ രോമം കത്രിച്ചുകൊണ്ടിരിക്കുമ്പോൾ ദാവീദിന്റെ ആളുകൾ അവന്റെ അടുക്കലേക്കു വരുന്നു. അത് ഒരു വിരുന്നു ദിവസമാണ്; നാബാലിന്റെ വീട്ടിൽ ധാരാളം നല്ല ഭക്ഷണസാധനങ്ങളുണ്ട്. അതുകൊണ്ട് ദാവീദിന്റെ ആളുകൾ ഇങ്ങനെ പറയുന്നു: ‘ഞങ്ങൾ നിന്നോടു ദയകാണിച്ചിട്ടുണ്ട്. നിന്റെ ആടുകളിലൊന്നിനെയും ഞങ്ങൾ മോഷ്ടിച്ചിട്ടില്ല, അവയെ സംരക്ഷിക്കാൻ ഞങ്ങൾ സഹായിച്ചിട്ടേയുള്ളൂ. ഇപ്പോൾ ദയവുചെയ്ത് നീ ഞങ്ങൾക്ക് അൽപ്പം ആഹാരം തരേണം.’
‘നിങ്ങളെപ്പോലുള്ളവർക്ക് ഞാൻ ആഹാരം തരികയില്ല’ എന്നു നാബാൽ പറയുന്നു. അവൻ അവരെ നിന്ദിക്കുകയും ദാവീദിനെ കുറിച്ചു മോശമായി സംസാരിക്കുകയും ചെയ്യുന്നു. പോയവർ തിരിച്ചുവന്ന് നടന്നതെല്ലാം ദാവീദിനോടു പറയുമ്പോൾ അവനു ദേഷ്യം സഹിക്കാൻ കഴിയുന്നില്ല. ‘നിങ്ങളുടെ വാൾ എടുക്കുക!’ എന്ന് അവൻ തന്റെ ആളുകളോടു പറയുന്നു. നാബാലിനെയും അവന്റെ ആളുകളെയും കൊന്നുകളയാനായി അവർ പുറപ്പെടുന്നു.
ദാവീദിന്റെ ആളുകളെ നാബാൽ നിന്ദിച്ച് അയയ്ക്കുന്നതു കേട്ട നാബാലിന്റെ ഒരു ദാസൻ ചെന്ന് സംഭവിച്ചതെല്ലാം അബീഗയിലിനെ അറിയിക്കുന്നു. ഉടൻതന്നെ അബീഗയിൽ കുറെ ആഹാരം തയ്യാറാക്കുന്നു. അവൾ അത് കഴുതകളുടെ പുറത്തു കയറ്റി യാത്ര തിരിക്കുന്നു. വഴിക്കുവെച്ച് ദാവീദിനെ കാണുമ്പോൾ അവൾ കഴുതപ്പുറത്തുനിന്നിറങ്ങി കുമ്പിട്ട് ഇങ്ങനെ പറയുന്നു: ‘യജമാനനേ, എന്റെ ഭർത്താവായ നാബാൽ പറഞ്ഞത് അങ്ങു കാര്യമാക്കരുതേ. അയാൾ ഒരു വിഡ്ഢിയാണ്; വിഡ്ഢിത്തമാണു പ്രവർത്തിക്കുന്നതും. ഇതാ ഒരു സമ്മാനം. ദയവു ചെയ്‌ത് ഇതു സ്വീകരിച്ച്, അടിയങ്ങളോടു ക്ഷമിക്കേണമേ.’
‘നീ ബുദ്ധിയുള്ള ഒരു സ്ത്രീയാണ്’ എന്ന് ദാവീദ് പറയുന്നു. ‘നാബാലിനെ കൊന്ന് അവന്റെ ദുഷ്ടതയ്ക്കു പകരം ചോദിക്കുന്നതിൽനിന്ന് നീ എന്നെ തടഞ്ഞിരിക്കുന്നു. ഇപ്പോൾ സമാധാനത്തോടെ വീട്ടിലേക്കു പോകുക.’ പിന്നീട് നാബാൽ മരിക്കുമ്പോൾ അബീഗയിൽ ദാവീദിന്റെ ഭാര്യമാരിൽ ഒരുവളായിത്തീരുന്നു.
1 ശമൂവേൽ 22:1-4; 25:1-43.
