മരണം ഗാന്ധിയെപ്പോലും വലുതാക്കുന്നു - പി.എന്‍.ഗോപീകൃഷ്ണന്‍

മരണം ഗാന്ധിയെപ്പോലും വലുതാക്കുന്നു - പി.എന്‍.ഗോപീകൃഷ്ണന്‍
മരിച്ചതിന്‍റെ പിറ്റേന്ന്
ഗാന്ധി
തന്‍റെ ആശ്രമത്തിലെത്തി.
തന്നെക്കാളും നന്നായിട്ടുള്ള
ഒരു ഫോട്ടോ അവിടെ വെച്ചിരുന്നു
താന്‍ കേട്ടതിനേക്കാളും
ഇമ്പമാര്‍ന്ന 'വൈഷ്ണവജനതോ'
അവിടെ മുഴങ്ങുന്നുണ്ടായിരുന്നു
താന്‍ കാംക്ഷിച്ചിരുന്നതിനേക്കാളും
വൃത്തി
ആ മുറ്റത്തിനുണ്ടായിരുന്നു
ഗാന്ധി എന്ന ഓര്‍മ്മയോട്
തന്നോട് എന്നതിലുമധികം
ഭവ്യമായ് ആളുകള്‍
പെരുമാറുന്നുണ്ടായിരുന്നു.
തന്‍റെ മുഷിഞ്ഞ ഇടങ്ങളും
പിടി കിട്ടാത്ത സംശയങ്ങളും
പിടിച്ചുലച്ച സങ്കടങ്ങളും
തോല്‍വികളും
എത്താത്ത ഇടങ്ങളും
ആധിക്യത്തിന്‍റെ ആ തൊലിക്കടിയില്‍
ഇത്ര പെട്ടെന്ന് ഒതുങ്ങുന്നതായിരുന്നോ
എന്ന്
ഒരു നിമിഷം
അയാള്‍
ശങ്കിച്ചു
പിന്നെ തിരിച്ചുപോയി
മനുവിന്‍റെയോ ആഭയുടെയോ
തോളുകളുടെ
സഹായമില്ലാതെ.