മരങ്ങൾ - ധർമ്മരാജ് മടപ്പള്ളി

മരങ്ങൾ - ധർമ്മരാജ് മടപ്പള്ളി
എങ്ങു നിന്നാണ്
മരങ്ങൾ തുടങ്ങുന്നത്?
കൈമോശം വന്നതെന്തോ
വേരുകൾ കൊണ്ട്
മണ്ണിൽ തിരഞ്ഞ്,
ചില്ല്ലകൾ കൊണ്ട്
ആകാശത്തിൽ തിരഞ്ഞ്,
ഇങ്ങനെ എഴുന്നേറ്റു നിന്ന്,
നീ കണ്ടുവോ നീ കണ്ടുവോ എന്ന്
വഴി പോക്കനെയൊക്കെ
സാകൂതം ഉറ്റു നോക്കി,
ഈ മരങ്ങൾ എന്താണിങ്ങനെ!
പച്ചകൾ എത്ര തൂക്കിയാലും
മതി വരാത്ത പ്രണയമേ
വന്നിരിക്കാം നമുക്കീ മരച്ചോട്ടിൽ
ഒരു വേള മരം തിരയുന്നത്
നമ്മളെയാണെങ്കിലൊ?
പാവം അവ ഒന്ന്
തല ചായ്ക്കട്ടെ..
അതുവരെ
നമുക്കീ മരങ്ങളെപോൽ
എഴുന്നു നിൽക്കാം.
പച്ച മരങ്ങൾ
ഒരു രാത്രിയെങ്കിലും
നമ്മുടെ
മടിയിൽ കിടന്നുറങ്ങട്ടെ.