പോകുന്നവരേ - സച്ചിദാനന്ദന്‍

പോകുന്നവരേ - സച്ചിദാനന്ദന്‍
പോകുന്നവരേ പോകാനനുവദിക്കുക
ബാക്കിയായവരിലേക്ക് ദൃഷ്ടി തിരിക്കുക
കണ്ണാടിയിലേക്ക് നോക്കുക
ഒരു മാലാഖ അതിന്നകത്തു നിന്നു
നിങ്ങളെ നോക്കി ‘ജീവിക്കൂ ജീവിക്കൂ ’
എന്നു നിങ്ങളുടെ സ്വരത്തില്‍ മന്ത്രിക്കുന്നു
നിശബ്ദതയ്ക്കു കാതോര്‍ക്കുക ;
അത് വാസ്തവത്തില്‍ ഒരു ആരവമാണ്
മുടി പിറകിലേക്ക് തട്ടി നീക്കി
കാമുകിയേപ്പോലെ പൊട്ടിച്ചിരിക്കുന്ന
വെള്ളച്ചാട്ടങ്ങള്‍ ,ഇലകളുടെ നൃത്തം
കാറ്റിന്‍റെ ചിലമ്പ്,ചീവീടുകളുടെ കളകളം
പുഴയ്ക്കക്കരെ നിന്ന്
ഇനിയും മരിക്കാത്തവരുടെ പാട്ട്
കാതുകളില്‍ മുക്കുറ്റിക്കുലകള്‍ ഞാത്തി
കൈകള്‍ കൊട്ടി കടന്നു വരുന്ന ചിങ്ങം
ഇന്നലെ ഇല്ല,നാളെയും ഇല്ല
ആകാശത്തേയ്ക്ക് തുറക്കുന്ന
വര്‍ത്തമാനത്തിന്‍റെ വാതിലുകള്‍ മാത്രം
പിന്നെ മണങ്ങളും
ഈറന്‍ വൈക്കോലിന്റെ,നെല്ല്
പുഴുങ്ങുന്നതിന്‍റെ,പുതു മണ്ണിന്‍റെ
ഇലഞ്ഞിയുടെ,കമുകിന്‍ പൂക്കിലയുടെ
ഏലത്തിന്‍റെ ,പാമ്പിന്‍ മുട്ടയുടെ
വൃക്ഷങ്ങളുടെയും മനുഷ്യരുടേയും
രഹസ്യ സ്രവങ്ങളുടെ .
ഇന്നു രാത്രി ഞാന്‍ ഉറങ്ങുകയില്ല
നിങ്ങളെ ഉറക്കുകയുമില്ല