നിർഭയനായ ഒരു മനുഷ്യൻ
ഈ ചെറുപ്പക്കാരനെ ആളുകൾ കളിയാക്കുന്നതു നോക്കൂ. അവൻ ആരാണെന്നോ? ദൈവത്തിന്റെ ഒരു പ്രധാന പ്രവാചകനാണ് അവൻ. പേര് യിരെമ്യാവ്.
യോശീയാ രാജാവു ദേശത്തെ വിഗ്രഹങ്ങൾ നശിപ്പിക്കാൻ തുടങ്ങി ഉടനെതന്നെ യഹോവ യിരെമ്യാവിനോട് തന്റെ പ്രവാചകനായിരിക്കാൻ പറയുന്നു. പക്ഷേ തനിക്കു പ്രവാചകനാകാനുള്ള പ്രായമായില്ലെന്ന് യിരെമ്യാവ് വിചാരിക്കുന്നു. എന്നാൽ താൻ അവനെ സഹായിക്കുമെന്ന് യഹോവ ഉറപ്പുനൽകുന്നു.
മോശമായ കാര്യങ്ങൾ ചെയ്യുന്നതു നിറുത്താൻ യിരെമ്യാവ് ഇസ്രായേല്യരോടു പറയുന്നു. ‘ജനതകളിലെ ആളുകൾ ആരാധിക്കുന്നതു വ്യാജദൈവങ്ങളെയാണ്,’ അവൻ പറയുന്നു. എന്നാൽ സത്യദൈവമായ യഹോവയെ ആരാധിക്കുന്നതിനു പകരം വിഗ്രഹങ്ങളെ ആരാധിക്കാനാണ് പല ഇസ്രായേല്യരും ഇഷ്ടപ്പെടുന്നത്. അവരുടെ ദുഷ്ടത കാരണം യഹോവ അവരെ ശിക്ഷിക്കുമെന്ന് യിരെമ്യാവ് പറയുമ്പോൾ അവർ അവനെ കളിയാക്കുന്നു.
വർഷങ്ങൾ കടന്നുപോകുന്നു. യോശീയാവ് മരിക്കുകയും മൂന്നു മാസത്തിനുശേഷം അവന്റെ പുത്രനായ യെഹോയാക്കീം രാജാവാകുകയും ചെയ്യുന്നു. യിരെമ്യാവ് തുടർന്നും ആളുകളോടു പറയുന്നു: ‘നിങ്ങൾ നിങ്ങളുടെ തെറ്റായ വഴികൾക്കു മാറ്റം വരുത്താതിരുന്നാൽ യെരൂശലേം നശിപ്പിക്കപ്പെടും.’ പുരോഹിതന്മാർ യിരെമ്യാവിനെ കടന്നുപിടിച്ച് ഇങ്ങനെ പറയുന്നു: ‘ഇങ്ങനെ സംസാരിക്കുന്നതിന് നിന്നെ കൊല്ലേണ്ടതാണ്.’ അവർ ഇസ്രായേലിലെ പ്രഭുക്കന്മാരോടു പറയുന്നു: ‘നമ്മുടെ പട്ടണത്തിനെതിരെ പ്രവചിച്ചിരിക്കയാൽ യിരെമ്യാവിനെ കൊല്ലുകതന്നെ വേണം.’
യിരെമ്യാവ് ഇപ്പോൾ എന്തു ചെയ്യും? അവന് അശേഷം പേടിയില്ല! അവൻ അവരോടു പറയുന്നു: ‘ഈ കാര്യങ്ങൾ നിങ്ങളോടു പറയാൻ യഹോവ എന്നെ അയച്ചിരിക്കുന്നു. നിങ്ങളുടെ ദുഷ്ട ജീവിതരീതിക്കു മാറ്റം വരുത്തിയില്ലെങ്കിൽ യഹോവ യെരൂശലേമിനെ നശിപ്പിച്ചുകളയും. എന്നാൽ ഇത് ഓർത്തുകൊൾവിൻ: ‘എന്നെ കൊല്ലുകയാണെങ്കിൽ യാതൊരു തെറ്റും ചെയ്തിട്ടില്ലാത്ത ഒരാളെയായിരിക്കും നിങ്ങൾ കൊല്ലുന്നത്.’
പ്രഭുക്കന്മാർ യിരെമ്യാവിനെ വിട്ടയയ്ക്കുന്നു. എന്നാൽ ഇസ്രായേല്യർ തങ്ങളുടെ ദുഷ്ട വഴികൾക്കു മാറ്റമൊന്നും വരുത്തുന്നില്ല. പിന്നീട് ബാബിലോണിയൻ രാജാവായ നെബൂഖദ്നേസർ യെരൂശലേമിനെതിരെ യുദ്ധം ചെയ്യുന്നു. അവസാനം നെബൂഖദ്നേസർ ഇസ്രായേല്യരെ തന്റെ അടിമകളാക്കുന്നു. ആയിരങ്ങളെ അവൻ ബാബിലോണിലേക്കു കൊണ്ടുപോകുന്നു. മുമ്പൊരിക്കലും കണ്ടിട്ടില്ലാത്ത ചില ആളുകൾ വന്ന് വീട്ടിൽനിന്ന് ദൂരെയുള്ള, നിങ്ങൾ ഒരിക്കലും പോയിട്ടില്ലാത്ത ഒരു സ്ഥലത്തേക്ക് നിങ്ങളെ പിടിച്ചുകൊണ്ടു പോയാൽ എങ്ങനെയിരിക്കുമെന്ന് ഒന്ന് ഓർത്തുനോക്കൂ!
യിരെമ്യാവു 1:1-8; 10:1-5; 26:1-16; 2 രാജാക്കന്മാർ 24:1-17.
