ധൈര്യമുള്ള ഒരു മനുഷ്യൻ
ഭൂമിയിൽ ആളുകളുടെ എണ്ണം കൂടിയതോടെ അവരിൽ മിക്കവരും കയീനെപ്പോലെ ദുഷ്ടത പ്രവർത്തിക്കുന്നവർ ആയിത്തീർന്നു. എന്നാൽ ഒരു മനുഷ്യൻ അവരിൽനിന്നെല്ലാം വ്യത്യസ്തനായിരുന്നു. ഈ ചിത്രത്തിൽ കാണുന്ന ഈ മനുഷ്യനായിരുന്നു അത്. അവന്റെ പേര് ഹാനോക്ക്. അവൻ നല്ല ധൈര്യമുള്ള ആളായിരുന്നു. ചുറ്റുമുള്ള ജനങ്ങളെല്ലാം വളരെ മോശമായ കാര്യങ്ങൾ ചെയ്തുകൊണ്ടിരുന്നപ്പോഴും ഹാനോക്ക് ദൈവത്തെ സേവിക്കുന്നതിൽ തുടർന്നു.
ഹാനോക്കിന്റെ കാലത്ത് ദുഷ്ടനായ ഒരു മനുഷ്യൻ ഒരാളെ കൊലപ്പെടുത്തി
അന്നു ജനങ്ങൾ വഷളായ ഒട്ടേറെ കാര്യങ്ങൾ ചെയ്തത് എന്തുകൊണ്ടായിരിക്കും? ആദാമും ഹവ്വായും ദൈവത്തോട് അനുസരണക്കേടു കാണിക്കുന്നതിനും തിന്നരുതെന്നു ദൈവം പറഞ്ഞ പഴം തിന്നുന്നതിനും ഇടയാക്കിയത് ആരാണെന്ന് ഓർമയുണ്ടല്ലോ? അതൊരു ദുഷ്ട ദൂതനായിരുന്നു. ബൈബിൾ അവനെ സാത്താൻ എന്നാണു വിളിക്കുന്നത്. അവൻ എല്ലാവരെയും തന്നെപ്പോലെതന്നെ ദുഷ്ടരാക്കാൻ ശ്രമിക്കുകയാണ്.
ആളുകൾക്കു കേൾക്കാൻ ഒട്ടും ഇഷ്ടമില്ലാതിരുന്ന ഒരു കാര്യം അവരോടു പറയാൻ ഒരിക്കൽ യഹോവയാം ദൈവം ഹാനോക്കിനോടു പറഞ്ഞു. അത് ഇതായിരുന്നു: ‘ദൈവം സകല ദുഷ്ടന്മാരെയും നശിപ്പിക്കാൻ പോകുകയാണ്.’ ഇതു കേട്ടപ്പോൾ ആളുകൾക്കു വളരെ ദേഷ്യം തോന്നിക്കാണും. അവർ ഹാനോക്കിനെ പിടിച്ചു കൊല്ലാൻപോലും ശ്രമിച്ചിരിക്കാം. അതുകൊണ്ട് ദൈവം ചെയ്യാൻ പോകുന്നതിനെക്കുറിച്ചു ജനങ്ങളോടു പറയാൻ ഹാനോക്കിന് നല്ല ധൈര്യം വേണമായിരുന്നു.
ഹാനോക്കിന്റെ നാളിലെ ആളുകളുടെ മോശമായ ജീവിതം
ആ ദുഷ്ട മനുഷ്യരുടെ ഇടയിൽ ഹാനോക്ക് ഒരുപാടു കാലം ജീവിച്ചിരിക്കാൻ ദൈവം ഇടയാക്കിയില്ല. അവൻ 365 വയസ്സുവരെ മാത്രമേ ജീവിച്ചിരുന്നുള്ളൂ. “365 വയസ്സുവരെ മാത്രം” എന്നു നമ്മൾ പറയുന്നതെന്തുകൊണ്ട്? എന്തുകൊണ്ടെന്നാൽ അന്നു മനുഷ്യർ ഇന്നുള്ളവരെക്കാൾ ശക്തരായിരുന്നു; അവർ വളരെക്കാലം ജീവിക്കുകയും ചെയ്തിരുന്നു. എന്തിന്, ഹാനോക്കിന്റെ മകൻ മെഥൂശലഹ് ആണെങ്കിൽ 969 വയസ്സുവരെയാണു ജീവിച്ചിരുന്നത്!
ഹാനോക്ക് മരിച്ചുകഴിഞ്ഞപ്പോൾ ജനങ്ങൾ കൂടുതൽ കൂടുതൽ ദുഷ്ടരായിത്തീർന്നു. ‘അവരുടെ വിചാരങ്ങൾ എപ്പോഴും ദോഷമുള്ളവയായിരുന്നുവെന്നും’ ‘ഭൂമി അതിക്രമംകൊണ്ടു നിറഞ്ഞുവെന്നും’ ബൈബിൾ പറയുന്നു.
അക്കാലത്ത് ഭൂമിയിൽ ഇത്രയധികം കുഴപ്പം ഉണ്ടായിരുന്നതിന്റെ ഒരു കാരണം എന്തായിരുന്നു എന്ന് അറിയാമോ? ആളുകളെക്കൊണ്ടു ദുഷ്ടത ചെയ്യിക്കുന്നതിന് സാത്താൻ ഒരു പുതിയ മാർഗം കണ്ടുപിടിച്ചു എന്നതായിരുന്നു കാരണം. അടുത്തതായി നമുക്ക് ഇതിനെക്കുറിച്ച് പഠിക്കാം.
ഉല്പത്തി 5:21-24, 27; 6:5; എബ്രായർ 11:5; യൂദാ 14, 15.
