ദാവീദിന്റെ വീട്ടിൽ കുഴപ്പം
ദാവീദ് യെരൂശലേമിൽ ഭരണം തുടങ്ങിക്കഴിഞ്ഞ് യഹോവ അവനു ശത്രുക്കളുടെമേൽ ഒട്ടനവധി വിജയങ്ങൾ നൽകുന്നു. കനാൻദേശം ഇസ്രായേല്യർക്കു നൽകാമെന്നു യഹോവ വാഗ്ദാനം ചെയ്തിരുന്നു. ആ വാഗ്ദാനം യഹോവ നിറവേറ്റി. ഇപ്പോൾ, വാഗ്ദത്തദേശം മുഴുവനും അവരുടേതാണ്.
ദാവീദ് ഒരു നല്ല രാജാവാണ്. അവൻ യഹോവയെ സ്നേഹിക്കുന്നു. അതുകൊണ്ട് യെരൂശലേം പിടിച്ചടക്കിയശേഷം അവൻ ചെയ്യുന്ന ആദ്യ കാര്യങ്ങളിൽ ഒന്ന് യഹോവയുടെ നിയമപെട്ടകം അവിടേക്കു കൊണ്ടുവരിക എന്നതാണ്. അതു വെക്കുന്നതിനായി ഒരു ആലയം പണിയാൻ അവൻ ആഗ്രഹിക്കുന്നു.
ദാവീദിനു കുറേക്കൂടെ പ്രായം ചെല്ലുമ്പോൾ അവൻ വലിയൊരു തെറ്റു ചെയ്യുന്നു. മറ്റൊരുവന്റെ എന്തെങ്കിലും എടുക്കുന്നതു തെറ്റാണെന്ന് അവനറിയാം. എന്നാൽ ഒരിക്കൽ സന്ധ്യാസമയത്ത് അവൻ തന്റെ കൊട്ടാരത്തിന്റെ മുകളിൽ നിന്നു താഴേക്കു നോക്കുമ്പോൾ വളരെ സുന്ദരിയായ ഒരു സ്ത്രീയെ കാണുന്നു. അവളുടെ പേര് ബത്ത്-ശേബ എന്നാണ്. അവളുടെ ഭർത്താവ് അവന്റെ പടയാളികളിൽ ഒരാളായ ഊരിയാവാണ്.
ദാവീദ് ബത്ത്-ശേബയെ സ്വന്തമാക്കാൻ വളരെയധികം ആഗ്രഹിക്കുന്നതുകൊണ്ട് അവൻ അവളെ തന്റെ കൊട്ടാരത്തിലേക്കു വരുത്തുന്നു. അവളുടെ ഭർത്താവ് അകലെ യുദ്ധത്തിൽ ഏർപ്പെട്ടിരിക്കുകയാണ്. ദാവീദ് അവളുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നു, പിന്നീട് തനിക്ക് ഒരു കുഞ്ഞ് ജനിക്കാൻ പോകുകയാണ് എന്ന് അവൾ മനസ്സിലാക്കുന്നു. ഇത് അറിയുമ്പോൾ ദാവീദ് വലിയ വിഷമത്തിലാകുന്നു. അതുകൊണ്ട് ഊരിയാവ് കൊല്ലപ്പെടത്തക്കവണ്ണം അവനെ യുദ്ധക്കളത്തിൽ ഏറ്റവും മുന്നിൽത്തന്നെ നിറുത്തണമെന്നു പറഞ്ഞുകൊണ്ട് സേനാനായകനായ യോവാബിനു ദാവീദ് ഒരു കത്തയയ്ക്കുന്നു. ഊരിയാവു മരിച്ചു കഴിഞ്ഞ് ദാവീദ് ബത്ത്-ശേബയെ വിവാഹം കഴിക്കുന്നു.
ദാവീദിനോട് യഹോവയ്ക്കു വളരെ കോപം ഉണ്ടായി. അതുകൊണ്ട് അവൻ ചെയ്ത പാപങ്ങളെക്കുറിച്ച് അവനോടു പറയാൻ യഹോവ തന്റെ ദാസനായ നാഥാനെ അവന്റെ അടുത്തേക്ക് അയയ്ക്കുന്നു. ഈ ചിത്രത്തിൽ നാഥാൻ ദാവീദിനോടു സംസാരിക്കുന്നതു കണ്ടോ? താൻ തെറ്റു ചെയ്തുപോയതിൽ ദാവീദ് വളരെയധികം സങ്കടപ്പെടുന്നു, അതുകൊണ്ട് യഹോവ അവനെ കൊല്ലുന്നില്ല. എങ്കിലും യഹോവ ഇങ്ങനെ പറയുന്നു: ‘നീ ഈ വഷളത്തം ചെയ്തതു നിമിത്തം നിന്റെ വീട്ടിൽ ഒട്ടേറെ കുഴപ്പങ്ങളുണ്ടാകും.’ ശരിയാണ്, ദാവീദിന്റെ വീട്ടിൽ വലിയ കുഴപ്പംതന്നെ ഉണ്ടാകുന്നു!
ഒന്നാമതായി, ബത്ത്-ശേബയ്ക്കു ജനിച്ച കുട്ടി മരിക്കുന്നു. പിന്നെ ദാവീദിന്റെ മൂത്ത മകനായ അമ്നോൻ തന്റെ സഹോദരിയായ താമാറിനെ ഒറ്റയ്ക്കു തന്റെ അടുക്കലേക്കു വരുത്തി ബലം പ്രയോഗിച്ച് അവളുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നു. ദാവീദിന്റെ മകനായ അബ്ശാലോം ഇതിനെക്കുറിച്ചു കേൾക്കുമ്പോൾ അവനു ദേഷ്യം സഹിക്കാനാകുന്നില്ല, അവൻ പോയി അമ്നോനെ കൊല്ലുന്നു. പിന്നീട് അബ്ശാലോം ജനത്തിൽ അനേകരുടെയും പ്രീതി സമ്പാദിച്ച് തന്നെത്താൻ രാജാവാകുന്നു. ദാവീദ് അബ്ശാലോമിനെതിരെ യുദ്ധം ചെയ്തു ജയിക്കുന്നെങ്കിലും അതിൽ അബ്ശാലോം കൊല്ലപ്പെടുന്നു. അതേ, ദാവീദിന് വളരെയധികം കുഴപ്പങ്ങൾ ഉണ്ടായി.
ഇതിനിടയിൽ ബത്ത്-ശേബ ശലോമോൻ എന്നു പേരോടുകൂടിയ ഒരു മകനെ പ്രസവിക്കുന്നു. ദാവീദിന് വയസ്സുചെന്ന് രോഗം പിടിപെടുമ്പോൾ അവന്റെ പുത്രനായ അദോനിയാവ് രാജാവാകാൻ ശ്രമിക്കുന്നു. അപ്പോൾ അടുത്ത രാജാവ് ശലോമോനായിരിക്കും എന്നു കാണിക്കാൻ വേണ്ടി ദാവീദ് സാദോക്ക് പുരോഹിതനെക്കൊണ്ട് ശലോമോന്റെ തലയിൽ തൈലം ഒഴിപ്പിക്കുന്നു. ഏറെ താമസിയാതെ ദാവീദ് 70-ാമത്തെ വയസ്സിൽ മരിക്കുന്നു. അവൻ 40 വർഷം ഭരിച്ചു, എന്നാൽ ഇപ്പോൾ ശലോമോനാണ് ഇസ്രായേലിലെ രാജാവ്.
2 ശമൂവേൽ 11:1-27; 12:1-18; 1 രാജാക്കന്മാർ 1:1-48.
