കഷ്ടപ്പാട് നിറഞ്ഞ ജീവിതം തുടങ്ങുന്നു
ഏദെൻതോട്ടത്തിനു വെളിയിൽ ആദാമിന്റെയും ഹവ്വായുടെയും ജീവിതം കഷ്ടപ്പാടുകൾ നിറഞ്ഞതായിരുന്നു. ആഹാരം വേണമെങ്കിൽ കഷ്ടപ്പെട്ടു പണിയെടുക്കണം. നല്ല രുചിയുള്ള പഴങ്ങൾ തരുന്ന മരങ്ങൾക്കു പകരം എങ്ങും ഒന്നിനുംകൊള്ളാത്ത മുൾച്ചെടികൾമാത്രം. ആദാമും ഹവ്വായും ദൈവത്തോട് അനുസരണക്കേടു കാണിക്കുകയും അവന്റെ സ്നേഹിതരായി തുടരാതിരിക്കുകയും ചെയ്തപ്പോൾ ഇതാണു സംഭവിച്ചത്.
എന്നാൽ ഇതിനെക്കാളൊക്കെ കഷ്ടം ആദാമും ഹവ്വായും മരിക്കാൻ തുടങ്ങി എന്നതായിരുന്നു. ഒരു പ്രത്യേക മരത്തിൽനിന്നു പഴം പറിച്ചു തിന്നാൽ അവർ മരിക്കുമെന്ന് ദൈവം അവരോടു നേരത്തേതന്നെ പറഞ്ഞിരുന്നു എന്ന് ഓർക്കുക. പഴം തിന്ന ആ ദിവസംതന്നെ അവർ മരിക്കാൻ തുടങ്ങി. അവർ ദൈവത്തെ അനുസരിക്കാതിരുന്നത് എത്ര വലിയ മണ്ടത്തരമായിരുന്നു!
ആദാമിന്റെയും ഹവ്വായുടെയും മക്കളെല്ലാവരും ജനിച്ചത് ദൈവം അവരെ ഏദെൻതോട്ടത്തിൽനിന്നു പുറത്താക്കിക്കഴിഞ്ഞാണ്. ഇതിന്റെ അർഥം ആ മക്കളും വയസ്സുചെന്ന് മരിക്കേണ്ടിവരും എന്നായിരുന്നു.
ആദാമും ഹവ്വായും യഹോവയെ അനുസരിച്ചിരുന്നെങ്കിൽ അവർക്കും അവരുടെ മക്കൾക്കും സന്തോഷത്തോടെ ജീവിക്കാൻ കഴിയുമായിരുന്നു. അവർക്കെല്ലാവർക്കും ഒരു കഷ്ടപ്പാടും ഇല്ലാതെ ഭൂമിയിൽ എന്നേക്കും ജീവിക്കാൻ കഴിയുമായിരുന്നു. ആർക്കും വയസ്സുചെന്ന്, രോഗികളായി മരിക്കേണ്ടി വരുമായിരുന്നില്ല.
ആളുകൾ സന്തോഷത്തോടെ എന്നേക്കും ജീവിച്ചിരിക്കാൻ ദൈവം ആഗ്രഹിക്കുന്നു; ആ ആഗ്രഹം ഒരിക്കൽ സത്യമാകുമെന്ന് അവൻ വാഗ്ദാനം ചെയ്യുന്നു. മുഴുഭൂമിയും സുന്ദരമായിത്തീരും. മാത്രമല്ല അതിലെ ആളുകൾ നല്ല ആരോഗ്യമുള്ളവർ ആയിരിക്കുകയും ചെയ്യും. ഭൂമിയിലുള്ള എല്ലാ ആളുകളും തമ്മിൽ നല്ല സ്നേഹമായിരിക്കും. അവർ എല്ലാവരും ദൈവത്തെ സ്നേഹിക്കുന്നവരുമായിരിക്കും.
എന്നാൽ ഹവ്വാ ദൈവത്തെ സ്നേഹിക്കുന്നതു നിറുത്തിക്കളഞ്ഞു. മക്കളെ പ്രസവിച്ചപ്പോൾ അവൾക്ക് ഒരുപാടു വേദനതോന്നാൻ അത് ഇടയാക്കി. ദൈവത്തോട് അനുസരണക്കേടു കാണിച്ചത് അവൾക്ക് എത്ര വലിയ സങ്കടമാണ് വരുത്തിവെച്ചത്, അല്ലേ?
ആദാമിനും ഹവ്വായ്‌ക്കും അനേകം മക്കളുണ്ടായി. അവരുടെ ആദ്യത്തെ മകൻ ജനിച്ചപ്പോൾ അവർ അവനു കയീൻ എന്നു പേരിട്ടു, രണ്ടാമത്തെ മകന് ഹാബെൽ എന്നും. അവർക്ക് എന്തു സംഭവിച്ചു? നമുക്കു നോക്കാം.
ഉല്‌പത്തി 3:16-23; 4:1, 2; വെളിപ്പാടു 21:3-5.
