ഒരു വളവില്‍ വെച്ച് - പവിത്രന്‍ തീക്കുനി

bookmark

കഥകള്‍ പകുത്തും
വ്യഥകള്‍ മറന്നും
കവിത പറഞ്ഞും
കള്ളുമോന്തിയും
പ്രണയത്തിറ കെട്ടിയാടിയും
കനല്‍ക്കാവടിയേന്തിയും
വീതികുറഞ്ഞ വഴിയിലൂടെ
നാമിങ്ങനെ കടന്നുപോകെ

ഒരു വളവില്‍വെച്ച്‌
നിനക്കെന്നെ നഷ്ടപ്പെടും
സ്നേഹിച്ചും കലഹിച്ചും പങ്കുവച്ചും
ആര്‍ത്തി തീര്‍ന്നിട്ടില്ലെങ്കിലും
അങ്ങനെത്തന്നെ സംഭവിക്കും
മഞ്ഞിലും മഴയിലും
വെയിലിലും നിലാവിലും
ഇരുളിലും
ചെന്നിരിക്കാറുള്ള എല്ലാ ചെരിവുകളിലും
നീയെന്നെ തേടിക്കൊണ്ടേയിരിക്കും

തെറ്റിപ്പോകും
നിന്റെ കണക്കുകളെല്ലാം
വറ്റിപ്പോകും
പ്രതീക്ഷകളെല്ലാം
പണിതീരുന്നതിനിടയില്‍ പിളര്‍ന്നുപോകുന്ന
നിന്റെ അരകല്ലുപോലെ

ഞാനുണ്ടാവും
ഓര്‍മ്മകളില്‍
നീ കറുക്കുന്നതും വെളുക്കുന്നതും
ചുവക്കുന്നതും കണ്ടുകൊണ്ടെപ്പൊഴും

മറ്റെവിടെയുമല്ല
വരാന്തയില്‍ത്തന്നെ,
നിന്റെ ഹൃദയത്തിന്റെ.