ഉപമകള്‍ - വീരാന്‍കുട്ടി

ഇസ്തിരി വിരിപ്പിലെ
പഴുപ്പിച്ച
തേപ്പുപെട്ടിക്കടിയില്‍പ്പെടാന്‍
തിരക്കിട്ടുപോകുന്ന
ഉറുമ്പിന്‍റേയോ
ഉടനെ വലിച്ചടയ്ക്കാന്‍ പോകുന്ന
വാതില്‍പോളക്കും
കട്ടിളപ്പൊഴിക്കുമിടയിലിരുന്ന്
ധ്യാനിക്കുന്ന പല്ലിയുടെയോ
വലയിലകപ്പെട്ടിട്ടും
അതറിയാതെ പറക്കാനായുന്ന
ശലഭത്തിന്‍റയോ
ഉപമ മതിയാവില്ല
നിങ്ങളെന്നെക്കുറിച്ചെഴുതും കവിതക്ക്.
എനിക്കുള്ള തീ
ഇറുങ്ങാനുള്ള പഴുതുകള്‍
എന്‍റെ വല
ഒക്കെയും ഞാന്‍ തന്നെ സമ്പാദിച്ചത്.
അറിഞ്ഞുകൊണ്ട്
മരണവായില്‍ കയറിയിരുന്ന്
കൊല്ലുന്നേ എന്ന് നിലവിളിക്കുന്ന
പ്രാണിയുടെ ഉപമ കൊണ്ട്
മനുഷ്യന്‍ എന്ന കവിത പൂര്‍ത്തിയാക്കാം,
മരണമെന്നെഴുതിയ ശേഷം
പേനയുടച്ചു കളഞ്ഞ കവിയുടെ ഉപമയില്‍
ദൈവം എന്ന കവിത തുടങ്ങിവെക്കാവുന്നതുപോലെ