ആത്മഗതപ്പുരുഷൻ - ധര്‍മ്മരാജ് മടപ്പള്ളി

bookmark

ആത്മഗതപ്പുരുഷൻ - ധര്‍മ്മരാജ് മടപ്പള്ളി
പെരുംലിംഗത്തീവണ്ടിക്ക്
തലവെച്ചു ചത്ത
പെൺകുട്ടികളേ...
പലവട്ടമാ തീവണ്ടിയിൽ
കള്ളയാത്രചെയ്ത
പുരുഷന്മാരുടെ
ഗീർവാണങ്ങൾ
നിങ്ങൾ കേൾക്കുന്നുവോ?
എനിക്കൊന്ന് കുമ്പസാരിക്കാൻ തോന്നുന്നു.
ആണുങ്ങളുടെ അൾത്താരയിൽ
ശുക്ലം വീണുവഴുക്കുന്ന,
നിലാവില്ലാത്ത രാത്രിയിലേക്ക്
ഞാൻ വീടുവിട്ടിറങ്ങുന്നു.
പണ്ട്, ഇടവഴിയിൽ ഒറ്റക്ക്
കിട്ടിയപ്പോൾ
മൺതിട്ടിലെ തൊട്ടാവാടിപ്പടർപ്പിലേക്ക്
ഞാനൊരു പെൺകുട്ടിയെ
അടർത്തിയിട്ടിട്ടുണ്ട്.
അവൾ, പെണ്ണെന്നേ അറിയൂ..
പേരറിയില്ല..!
വാഹനത്തിരക്കിലെ
പെൺചന്തികളിലേക്ക്
പലവട്ടം ഞാനെന്‍റെ ആൺകൂർപ്പുകൾ
ചാരിവെച്ചിട്ടുമുണ്ട്.
അവർ, പെണ്ണെന്നേ അറിയൂ..
പേരറിയില്ല..!
റേഷൻകടയുടെ മണ്ണെണ്ണത്തിരക്കിനിടയിൽ
ഒരു പെണ്ണിന്‍റെ കുപ്പിവള
ഞാനുടച്ചിട്ടുണ്ട്.
അവൾ, പെണ്ണെന്നേ അറിയൂ..
പേരറിയില്ല..!
ചാക്കാലപ്പുരയിലെ
ഉപ്പുമാമണമുള്ള
അടുക്കളയിൽ
മറ്റാരുമില്ലെന്നുറപ്പുള്ളപ്പോൾ
ഞാനൊരു സ്ത്രീയെ
അമർത്തിച്ചുംബിച്ചിട്ടുണ്ട്.
അവൾ, പെണ്ണെന്നേ അറിയൂ..
പേരറിയില്ല..!
ഉത്സവപ്പറമ്പിലെ
കൈനോട്ടക്കാരിയുടെ
മുലയിടുക്കോർമ്മകൾ
പലവട്ടമെന്നെ കരഭോഗിയാക്കിയിട്ടുണ്ട്.
അവൾ, പെണ്ണെന്നേ അറിയൂ..
പേരറിയില്ല..!
ജാഥക്ക് കൊടികെട്ടാൻ
ശീമക്കൊന്നക്കൊമ്പൊടിക്കാൻ
വീട്ടിലേക്ക് വന്ന
സഖാവിന്‍റെ പെണ്ണിറച്ചിയാണ്
ഞാനാദ്യമായി രുചിച്ചത്.
ഭുമിയിൽ പച്ചക്ക് തിന്നേണ്ട ഇറച്ചികളുണ്ടെന്നും
തിന്നുകഴിഞ്ഞാണ് അവയിൽ
മുളകുപുരട്ടേണ്ടതെന്നും
അന്നാണ് ഞാൻ പഠിച്ചത്.
അവൾ, പെണ്ണെന്നേ അറിയൂ..
ഉള്ളറിയില്ല..!
നല്ലപെണ്ണുങ്ങളുള്ള
പാർട്ടികളിലേക്ക്
പിന്നെ ഞാൻ പലവട്ടം
കാലുമാറിയിട്ടുണ്ട്.
കാലുമാറിക്കാലുമാറി
ഒടുവിലെന്‍റെ
വീട്ടിലെത്തിയപ്പോഴേക്കും
മകൾ തിരണ്ടുനില്പുണ്ട്..!
ആകയാൽ
എനിക്കൊന്ന് കുമ്പസാരിക്കാൻ തോന്നുന്നു.
ആണുങ്ങളുടെ അൾത്താരയിൽ
ശുക്ലം വീണുവഴുക്കുന്ന,
നിലാവില്ലാത്ത രാത്രിയിലേക്ക്
ഞാൻ വീടുവിട്ടിറങ്ങുന്നു.
ദൈവമേ...
എന്‍റെ മകളെ
നീ കാത്തോളണേ...!