സ്മാരകം - വീരാന്‍കുട്ടി

bookmark

സ്മാരകം - വീരാന്‍കുട്ടി

അപ്പൂപ്പന്‍ താടിയുടെ പറക്കത്തെ

വിനീതമായ ഒരു ശ്രമമായി കാണണം

ചിറകുകളില്ല
ദേശാന്തരം വിധിച്ചിട്ടില്ല
ആകാശവും സ്വന്തമല്ല
എന്നിട്ടും അതു പറക്കുന്നു
കുഞ്ഞിനെ എന്നപോലെ
വിത്തിനെ മടിയില്‍ വച്ച്.

'അതു കാണും സ്വപ്നത്തിലെ
മരത്തിന്‍റെ തണലില്‍
നാളെയൊരാള്‍ വന്നിളവേല്‍ക്കും'
എന്ന കവിത അതിനറിയില്ല
അറിവില്ലായ്മയുടെ ഭാരക്കുറവില്‍
അതു പറക്കുന്നു.

അതിനെ പക്ഷി എന്നു വിളിക്കാതിരിക്കാന്‍
നാം കാണിക്കുന്ന കരുണയില്‍
അതു കുറച്ചുകൂടി ദൂരം പോയേക്കും

ധീരമെങ്കിലും എളിയ അതിന്‍റെ ശ്രമം
വീണുപോകുന്നിടത്ത്
സ്മാരകമായി
ഉയര്‍ന്നു വന്നേക്കും
ആരുമറിയാതെ
നാളെ ഒരു മരം.