വടക്കൻ കാറ്റ് - കുരീപ്പുഴ ശ്രീകുമാര്‍

bookmark

വടക്കൻ കാറ്റ് - കുരീപ്പുഴ ശ്രീകുമാര്‍

മത്തിവിറ്റും
മണ്ണുകിളച്ചും
ചായയടിച്ചും
എച്ചിൽപാത്രം മോറിയും
നീ മിച്ചംപിടിച്ച നോട്ടുകൾ
എന്റെ പാദത്തിൽ വയ്ക്കൂ
ഒരു കഷണം കാൽനഖം
പകരം വാങ്ങൂ.

ചോരനീരാക്കി
തങ്കമോളെ അണിയിക്കാൻ
നീ കാത്തുവച്ച പൊന്ന്
എന്റെ മുന്നിൽ വയ്ക്കൂ
ഒരു കഷണം കൈനഖം
പകരം വാങ്ങൂ.

നിന്റെ മണ്ണ്
പെണ്ണ്,വീട്,വാഹനം
വയ്ക്കൂ
ഒരു ചെറുരോമം
പകരം വാങ്ങൂ.

നിന്റെ സ്വപ്നം
ജീവിതം , സ്വാതന്ത്ര്യം
പ്രണയം സങ്കല്പം
മഷിയും പേനയും
ഇവിടെ വയ്ക്കൂ
പകരം
ഒരു മുടിനാരു വാങ്ങൂ.

വടക്കുനിന്നും വീശിയ
ഭ്രാന്തൻകാറ്റ്
വന്മരങ്ങളെ തൊട്ടില്ല.
തുമ്പയും തുളസിയും
മുക്കുറ്റിയും കണ്ണാന്തളിയും
വേരുപറിഞ്ഞ്
പറന്നൊടുങ്ങി.